Saturday, July 26, 2025

വലക്കാരൻ (കവിത)

പാലത്തിനിപ്പുറമിരുന്ന്

ഞാൻ പുഴയിലേക്ക് നോക്കി.
തറവാട്ടുമുറ്റത്ത് കാരണവരുടെ
ബലിഷ്ട കാലുകൾ പോലെ
വെള്ളത്തിന് കുറുകെ
ഇരുമ്പും കോൺക്രീറ്റും ചേർന്ന
തൂണുകൾ.

അവ 
ഒന്നായി വന്ന പുഴയെ 
തടുത്തു  
പലതായി പകുത്തു.

പാലത്തിനപ്പുറത്ത്
ഉൾനോവുകളമർത്തിയ
ജല സമൃദ്ധി
പാലത്തിൻ്റെ ഉമ്മറപ്പടിയിൽ നിന്ന്
ക്രോധത്തോടെ 
പതച്ച് ചാടുന്നു.

അപ്പുറത്തെ

വെള്ളത്തിൻ്റെ നിറവ്,
പച്ചപ്പ്,
മൂടൽ മഞ്ഞു രൂപങ്ങൾ
പിന്നിട്ട
കുട്ടിക്കാല ദൃശ്യം പോലെ 
തൂണുകൾക്കിടയിലെ
ചതുര തിരശ്ശീലയിൽ
തെളിയുന്നു.

പിൻമടങ്ങാനാവാതെ
മുന്നോട്ടാഞ്ഞ
ജലത്തിൻ്റെ 
ശങ്കയും ക്രോധവും
വെള്ളത്തിന് മീതെ
മീൻ കുതറലുകളാവുന്നു.

പുഴക്കരയിലെ 
വലക്കാരൻ
ധ്യാനിച്ച് 
തക്കം പാർത്തിരുന്നു.
ജലത്തിൻ്റെ
തിരിച്ച്പോക്ക്
ഉൾവഹിച്ച്
മീനുകൾ 
പാലത്തിനപ്പുറത്തേക്ക്
ചാടി 
തൊട്ടിൽ പോലുള്ളചെറുവലകളിൽ
കുരുങ്ങി.
അവയുടെ പിടക്കലിൽ
എൻ്റെ ബാല്യസ്മരണകൾ
കൂടിക്കുഴയുന്നു.

വലക്കാരൻ്റെ 
ധ്യാനത്തിന്
മീനുകളുടെ
കണ്ണിൽ പതിഞ്ഞ
ജലത്തിൻ്റെ ആധി
വായിക്കാനാവുമോ?
കാലത്തിന്
എൻ്റെ ജീവിതത്തിൻ്റെയും?


Sunday, March 2, 2025

ആയിരം വാതിലുകളുള്ള വീട് by Meena Alexander (Malayalam Translation)

ഈ തറവാടിനായിരം വാതിലുകൾ.
പാമ്പിനെയും
പോകാന്തവളയെയും
പഴുതാരയെയുമകറ്റാനായി
മൂന്നിഞ്ച് ഉയർത്തിപ്പണിത
ജാലകപ്പടി
പശ്ചിമ തീരത്തു
സായാഹ്‌ന സൂര്യൻ
എരിഞ്ഞടങ്ങവേ
നരച്ച കളകൾക്കിടയിൽ
മിന്നി മിന്നി തിളങ്ങുന്നു.

ചുവന്ന ഓടിട്ട മേൽക്കൂരയുറപ്പിച്ച
മോന്തായം
ഭൂമിയുടെ അറ്റത്തു നിന്നു
ശൂന്യതയിലേക്കെയ്ത
ശരാഗ്രം പോൽ
തിളങ്ങുന്നു.
കിനാവിൽ
തിരയിളകുന്നു,
അമ്മമ്മയുടെ കയ്യിലെ
ശംഖു നിറമുള്ള വിശറി
വെളിച്ചത്തിൽ അനാവൃതമാകുന്നു.

കണക്കില്ലാത്ത
കടമകൾ നിറവേറ്റാൻ
അവർ
ഒന്നൊന്നായി
ആയിരം വാതിലുകളിൽ
കുമ്പിടുന്നു.
ഞാൻ ഇരുട്ടിൽ  
ഓടക്കുഴൽ നാദം    
കേൾക്കുന്നു
ആയുഷ്കാലമത്രയും
ഞാൻ കാണുന്നു
തന്നെ പുറത്താക്കിയ
കുലദൈവങ്ങളോടുള്ള
അവരുടെ യാചന.

Friday, November 15, 2024

അംബേദ്കറെ പുറത്തിരുത്തി ദളിത് സാഹിത്യ ക്ലാസ്മുറികൾ സാധ്യമോ?







ആൽക്കമി

ഒന്നും കിട്ടാതെ 

ആരും മടങ്ങിപ്പോരില്ലെന്ന 

ഉറപ്പു ലഭിക്കയാൽ 

കാമനകളുടെ ഭാണ്ഡം നിറച്ചാണ് ഞാൻ 

കരുണയുടെ ദർബാറിൽ ചെന്നത്.


സുൽത്താനപ്പോൾ സ്തുതികൾ കേട്ട് മന്ദഹസിച്ചും, 

പരിവേദനങ്ങൾക്ക് ഇലാഹിനോട് തേടിയും  

നിലകൊണ്ടു.

ഞാൻ ഭാണ്ഡമഴിച്ചു.


എന്താരത്‌ഭുതം!
കാമനകളത്രയും ദിവ്യപ്രഭയാൽ ഏറ്റുപറച്ചിലുകളും സ്തുതികളുമായിത്തീർന്നിരിക്കുന്നു.



Thursday, July 18, 2013

ഓർമ്മക്കുളങ്ങൾ



തിമിര്‍ത്തു പെയ്യുന്ന മഴ. കനത്ത മഴത്തുള്ളികള്‍ വീടിനു മുകളില്‍ മദ്ദളം കൊട്ടുന്നു.ആര്‍ത്തലച്ചെത്തുന്ന മഴയുടെ സീല്‍ക്കാരം നിങ്ങളെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് വഴിനടത്താറുണ്ടോ? ഉച്ചസ്ഥായിലായ ചെണ്ട മേളം വെളിച്ചപ്പാടിനെ ഉറയാന്‍ പ്രേരിപ്പിക്കുന്ന പോലെ വീടിനു പുറത്തെ നാട്ടുവഴിയിലേക്ക് അത് എന്നെ കൈപിടിച്ചു നടത്തി. ഉപേക്ഷിക്കപ്പെട്ട തെക്കേതിലെ കുളക്കരയിലാണ് ചെന്നെത്തിയത്. കുളക്കരയില്‍ കുന്തിച്ചിരുന്ന് ഞാന്‍ മഴത്തുള്ളികള്‍ വെള്ളത്തോട് മന്ത്രിക്കുന്നതും നോക്കിയിരുന്നു. ഇരുട്ടു പകരുന്ന ഭൂമിയിലേക്ക് പതിക്കുന്ന മഴയുടെ വെളുത്ത നാരുകള്‍.

          എന്‍റെ നാട്ടിന്‍പുറത്ത് ഏറ്റവും അവസാനം നീന്തല്‍ പഠിച്ചത് ഞാനും ജമാലുമാണ്. ഒത്തിരി കാലം ഞങ്ങള്‍ കടവിലെ ഇത്തിരി വെള്ളത്തില്‍ ഉമ്മയുടെ മാക്സിയില്‍ തൂങ്ങി നീന്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇക്കരെ നിന്നും പിടിവിടുന്ന നിമിഷം തണുപ്പും ആഴവും ഞങ്ങളെ പരിഭ്രാന്തരാക്കി. ഭയത്തോടെ തിരിച്ചു കയറുമ്പോള്‍ എല്ലാവരും ചിരിച്ചു. എന്‍റെ അനിയത്തി നീന്തല്‍ പഠിച്ചു കുളത്തിലേക്കെടുത്തു ചാടുമ്പോള്‍ ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. കുട്ടികള്‍ പലരും മുകളില് നിന്ന് കുളത്തിലേക്കെടുത്തു ചാടി നീന്തി കരകയറി. ഞാന്‍ മൂകസാക്ഷിയായി നിന്നതേയുള്ളൂ.

         എല്‍.പി. സ്കൂളില്‍നിന്നും അടുത്ത സ്കൂളിലേക്കു മാറ്റം കിട്ടിയപ്പോഴും കുളത്തിന്‍റെ നിലയില്ലായ്മ എന്നെ ഭീതിപ്പെടുത്തിയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോകാന്‍ എനിക്ക് വല്ലായ്മ തോന്നി. അതിനാല്‍ ഞാന്‍ തനിച്ചു കുളക്കടവില്‍ ചെന്നു കുളിച്ചെന്നു വരുത്തി തിരിച്ചു പോന്നു. അന്നും ഇതുപോലെ ഈ കുളത്തിലേക്ക് നോക്കിയിരിക്കല്‍ എന്‍റെ വിനോദമായിരുന്നു. മഴക്കു ശേഷമുള്ള തെളിഞ്ഞ നീല ജലത്തില്‍ കുളത്തിന്‍റെ ആഴം നോക്കി ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു പളുങ്കുമണി പോലെ തെളിഞ്ഞ ജലം. മേല്‍പരപ്പില്‍ പ്രതിഫലിക്കുന്ന ആകാശവും മരങ്ങളും. അകത്തേക്കു നോക്കിയാല്‍ അറകളില്ലാത്ത നിലം. അപ്പോള്‍ മാത്രമാണ് കുളത്തെ ഞാനിഷ്ടപ്പെട്ടിരുന്നത്. അതിരാവിലെ എഴുന്നേറ്റു, എല്ലാവരും വന്നു കുളം കലങ്ങിമറയുന്നതിനു മുമ്പേ വന്നു കുളത്തിന്‍റെ തുറന്ന അകം നോക്കി ഞാന്‍ നില്‍ക്കും. നീന്തിയകലുന്ന തവളയുടെ മിനുത്ത, വെളുത്ത പാദങ്ങള്‍ വെള്ളത്തില്‍ സഞ്ചരിക്കുന്നതു കാണാം. തവളയുടെ നീക്കങ്ങള്‍ പഠിച്ചു നീന്തല്‍ പഠിക്കാമെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു. നീര്‍ക്കോലിയുടെ വളഞ്ഞു പുളഞ്ഞ സഞ്ചാരവും, എഴുത്തച്ഛന്റെ ചിത്രം വരയലും നോക്കി നിന്ന നിമിഷങ്ങള്‍.

ബ്ലൂം...

         മുകളില്‍ നിന്ന് ആരോ വന്നു വെള്ളത്തിലേക്ക് ചാടി. എനിക്ക് ദേഷ്യമാണ് തോന്നിയത്. തവളയും നീര്‍ക്കോലിയും എവിടെയോ മറഞ്ഞു. എഴുത്തച്ഛന്റെ കൃതികള്‍ വികൃതമായി. ആരാണെന്നറിയാതെ ഞാന്‍ പരിഭ്രമിച്ചു നില്‍ക്കെ തവളയുടെതെന്ന പോലെ വെളുത്തു മെലിഞ്ഞ കാലുകള്‍ അടിച്ചു, കൈകളാല്‍ തുഴഞ്ഞു, ജലോപരിതലത്തില്‍ അവള്‍. ഒരു വലിയ തവള നീന്തുന്നതായെ എനിക്ക് തോന്നിയുള്ളൂ. പരല്‍ മീനിന്‍റെ വയറുപോലെ വെളുത്ത ഉദരം. ഞാന്‍ നോക്കി നിന്നു.

നീന്താനറിയില്ലേ....

       എന്തു പറയണമെന്നറിയാതെ ഞാന്‍ ശങ്കിച്ചു നിന്നു. വെള്ളത്തിനു മേലെ ഒരു മത്സ്യത്തെപോലെ അവള്‍. കുളം കാണാത്ത കൈകളാല്‍ അവളെ താങ്ങുന്നതായി തോന്നി. കുളത്തിനു നടുവില്‍ ഒരു ജലദേവതയെപോലെ അവള്‍ തുഴയാതെ നില്‍ക്കുന്നു.

വാ...

       പിറകില്‍ പരിഹസിക്കാനാരുമില്ലന്നു കണ്ടു ഞാന്‍ തെളിഞ്ഞ തണുപ്പിലേക്കിറങ്ങി. ഇക്കരെ നിന്നു കൈ വിടുമ്പോള്‍ ഒരു ജല ദേവത എന്നെ താങ്ങുമെന്ന ഉറപ്പിലായിരുന്നു. ഒരു കവിള്‍ വെള്ളം കുടിച്ചു ഞാന്‍ തട്ടിപ്പിടച്ചു. 

തുഴയ്...

       എവിടെയും പിടിക്കാതെ, വെള്ളത്തിനു നടുവില്‍ അവള്‍. ഞാന്‍ വലിയ കാലുകളടിച്ചു തുഴഞ്ഞു കയറി. പിന്നെടോരുപാട് പ്രഭാതങ്ങളില്‍ മഴത്തുള്ളികള്‍ വീണു ചിതറുന്ന ജലോപരിതലത്തില്‍ ഞാന്‍ നീന്തിത്തുടിച്ചു. പുഴയുടെ ഒഴുക്കോ, കടലിന്‍റെ ആഴമോ ഇല്ലാത്ത കുളത്തിന്‍റെ ഇത്തിരി തണുപ്പിനെ ഞാന്‍ ഇഷടപ്പെട്ടു തുടങ്ങിയതു അങ്ങനെയാണ്. അവള്‍ പിന്നെ എവിടെ പോയോ എന്തോ?

എന്താ പണി...?

     കുളക്കടവിന്‍റെ ഭാഗത്തിലൂടെ നടന്നുപോകുന്ന ആരോ ആണ്. ഇടഞ്ഞു തകര്‍ന്ന കുളത്തിലെ കലക്കവെള്ളത്തിലേക്കു നോക്കി നില്‍ക്കുന്നതു കണ്ടാവണം. ഞാന്‍ എഴുന്നേറ്റു പുല്ലുകയറിയ നാട്ടു വഴിയിലൂടെ വീട്ടിലേക്കു നടന്നു. അടുത്ത മഴക്കാലത്ത് ഈ കുളവും അപ്രത്യക്ഷമാകുമായിരിക്കും..      

Monday, July 8, 2013

ഒരു SSLC ബുക്ക് കിട്ടിയിരുന്നെങ്കിൽ ......

പഠനം പാതി വഴിയിൽ നിർത്തേണ്ടി  വന്ന ഒരാളാണോ നിങ്ങൾ? ഒരു പത്താം ക്ലാസ് സർട്ടിഫിക്കറ്റ് കിട്ടണമെന്നു നിങ്ങൾ അതിയായി ആഗ്രഹിക്കുണ്ടോ ? എങ്കിൽ ഇതാണ് അവസരം.

സംസ്ഥാന സാക്ഷരതാ മിഷൻ പത്താം തരം തുല്ല്യതാ പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഫോറം ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുക.

പത്താം തരം തുല്യതക്കുള്ള അപേക്ഷാ ഫോറം