Thursday, July 18, 2013

ഓർമ്മക്കുളങ്ങൾതിമിര്‍ത്തു പെയ്യുന്ന മഴ. കനത്ത മഴത്തുള്ളികള്‍ വീടിനു മുകളില്‍ മദ്ദളം കൊട്ടുന്നു.ആര്‍ത്തലച്ചെത്തുന്ന മഴയുടെ സീല്‍ക്കാരം നിങ്ങളെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് വഴിനടത്താറുണ്ടോ? ഉച്ചസ്ഥായിലായ ചെണ്ട മേളം വെളിച്ചപ്പാടിനെ ഉറയാന്‍ പ്രേരിപ്പിക്കുന്ന പോലെ വീടിനു പുറത്തെ നാട്ടുവഴിയിലേക്ക് അത് എന്നെ കൈപിടിച്ചു നടത്തി. ഉപേക്ഷിക്കപ്പെട്ട തെക്കേതിലെ കുളക്കരയിലാണ് ചെന്നെത്തിയത്. കുളക്കരയില്‍ കുന്തിച്ചിരുന്ന് ഞാന്‍ മഴത്തുള്ളികള്‍ വെള്ളത്തോട് മന്ത്രിക്കുന്നതും നോക്കിയിരുന്നു. ഇരുട്ടു പകരുന്ന ഭൂമിയിലേക്ക് പതിക്കുന്ന മഴയുടെ വെളുത്ത നാരുകള്‍.

          എന്‍റെ നാട്ടിന്‍പുറത്ത് ഏറ്റവും അവസാനം നീന്തല്‍ പഠിച്ചത് ഞാനും ജമാലുമാണ്. ഒത്തിരി കാലം ഞങ്ങള്‍ കടവിലെ ഇത്തിരി വെള്ളത്തില്‍ ഉമ്മയുടെ മാക്സിയില്‍ തൂങ്ങി നീന്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇക്കരെ നിന്നും പിടിവിടുന്ന നിമിഷം തണുപ്പും ആഴവും ഞങ്ങളെ പരിഭ്രാന്തരാക്കി. ഭയത്തോടെ തിരിച്ചു കയറുമ്പോള്‍ എല്ലാവരും ചിരിച്ചു. എന്‍റെ അനിയത്തി നീന്തല്‍ പഠിച്ചു കുളത്തിലേക്കെടുത്തു ചാടുമ്പോള്‍ ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. കുട്ടികള്‍ പലരും മുകളില് നിന്ന് കുളത്തിലേക്കെടുത്തു ചാടി നീന്തി കരകയറി. ഞാന്‍ മൂകസാക്ഷിയായി നിന്നതേയുള്ളൂ.

         എല്‍.പി. സ്കൂളില്‍നിന്നും അടുത്ത സ്കൂളിലേക്കു മാറ്റം കിട്ടിയപ്പോഴും കുളത്തിന്‍റെ നിലയില്ലായ്മ എന്നെ ഭീതിപ്പെടുത്തിയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോകാന്‍ എനിക്ക് വല്ലായ്മ തോന്നി. അതിനാല്‍ ഞാന്‍ തനിച്ചു കുളക്കടവില്‍ ചെന്നു കുളിച്ചെന്നു വരുത്തി തിരിച്ചു പോന്നു. അന്നും ഇതുപോലെ ഈ കുളത്തിലേക്ക് നോക്കിയിരിക്കല്‍ എന്‍റെ വിനോദമായിരുന്നു. മഴക്കു ശേഷമുള്ള തെളിഞ്ഞ നീല ജലത്തില്‍ കുളത്തിന്‍റെ ആഴം നോക്കി ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു പളുങ്കുമണി പോലെ തെളിഞ്ഞ ജലം. മേല്‍പരപ്പില്‍ പ്രതിഫലിക്കുന്ന ആകാശവും മരങ്ങളും. അകത്തേക്കു നോക്കിയാല്‍ അറകളില്ലാത്ത നിലം. അപ്പോള്‍ മാത്രമാണ് കുളത്തെ ഞാനിഷ്ടപ്പെട്ടിരുന്നത്. അതിരാവിലെ എഴുന്നേറ്റു, എല്ലാവരും വന്നു കുളം കലങ്ങിമറയുന്നതിനു മുമ്പേ വന്നു കുളത്തിന്‍റെ തുറന്ന അകം നോക്കി ഞാന്‍ നില്‍ക്കും. നീന്തിയകലുന്ന തവളയുടെ മിനുത്ത, വെളുത്ത പാദങ്ങള്‍ വെള്ളത്തില്‍ സഞ്ചരിക്കുന്നതു കാണാം. തവളയുടെ നീക്കങ്ങള്‍ പഠിച്ചു നീന്തല്‍ പഠിക്കാമെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു. നീര്‍ക്കോലിയുടെ വളഞ്ഞു പുളഞ്ഞ സഞ്ചാരവും, എഴുത്തച്ഛന്റെ ചിത്രം വരയലും നോക്കി നിന്ന നിമിഷങ്ങള്‍.

ബ്ലൂം...

         മുകളില്‍ നിന്ന് ആരോ വന്നു വെള്ളത്തിലേക്ക് ചാടി. എനിക്ക് ദേഷ്യമാണ് തോന്നിയത്. തവളയും നീര്‍ക്കോലിയും എവിടെയോ മറഞ്ഞു. എഴുത്തച്ഛന്റെ കൃതികള്‍ വികൃതമായി. ആരാണെന്നറിയാതെ ഞാന്‍ പരിഭ്രമിച്ചു നില്‍ക്കെ തവളയുടെതെന്ന പോലെ വെളുത്തു മെലിഞ്ഞ കാലുകള്‍ അടിച്ചു, കൈകളാല്‍ തുഴഞ്ഞു, ജലോപരിതലത്തില്‍ അവള്‍. ഒരു വലിയ തവള നീന്തുന്നതായെ എനിക്ക് തോന്നിയുള്ളൂ. പരല്‍ മീനിന്‍റെ വയറുപോലെ വെളുത്ത ഉദരം. ഞാന്‍ നോക്കി നിന്നു.

നീന്താനറിയില്ലേ....

       എന്തു പറയണമെന്നറിയാതെ ഞാന്‍ ശങ്കിച്ചു നിന്നു. വെള്ളത്തിനു മേലെ ഒരു മത്സ്യത്തെപോലെ അവള്‍. കുളം കാണാത്ത കൈകളാല്‍ അവളെ താങ്ങുന്നതായി തോന്നി. കുളത്തിനു നടുവില്‍ ഒരു ജലദേവതയെപോലെ അവള്‍ തുഴയാതെ നില്‍ക്കുന്നു.

വാ...

       പിറകില്‍ പരിഹസിക്കാനാരുമില്ലന്നു കണ്ടു ഞാന്‍ തെളിഞ്ഞ തണുപ്പിലേക്കിറങ്ങി. ഇക്കരെ നിന്നു കൈ വിടുമ്പോള്‍ ഒരു ജല ദേവത എന്നെ താങ്ങുമെന്ന ഉറപ്പിലായിരുന്നു. ഒരു കവിള്‍ വെള്ളം കുടിച്ചു ഞാന്‍ തട്ടിപ്പിടച്ചു. 

തുഴയ്...

       എവിടെയും പിടിക്കാതെ, വെള്ളത്തിനു നടുവില്‍ അവള്‍. ഞാന്‍ വലിയ കാലുകളടിച്ചു തുഴഞ്ഞു കയറി. പിന്നെടോരുപാട് പ്രഭാതങ്ങളില്‍ മഴത്തുള്ളികള്‍ വീണു ചിതറുന്ന ജലോപരിതലത്തില്‍ ഞാന്‍ നീന്തിത്തുടിച്ചു. പുഴയുടെ ഒഴുക്കോ, കടലിന്‍റെ ആഴമോ ഇല്ലാത്ത കുളത്തിന്‍റെ ഇത്തിരി തണുപ്പിനെ ഞാന്‍ ഇഷടപ്പെട്ടു തുടങ്ങിയതു അങ്ങനെയാണ്. അവള്‍ പിന്നെ എവിടെ പോയോ എന്തോ?

എന്താ പണി...?

     കുളക്കടവിന്‍റെ ഭാഗത്തിലൂടെ നടന്നുപോകുന്ന ആരോ ആണ്. ഇടഞ്ഞു തകര്‍ന്ന കുളത്തിലെ കലക്കവെള്ളത്തിലേക്കു നോക്കി നില്‍ക്കുന്നതു കണ്ടാവണം. ഞാന്‍ എഴുന്നേറ്റു പുല്ലുകയറിയ നാട്ടു വഴിയിലൂടെ വീട്ടിലേക്കു നടന്നു. അടുത്ത മഴക്കാലത്ത് ഈ കുളവും അപ്രത്യക്ഷമാകുമായിരിക്കും..      

3 comments:

  1. i like this blog,interesting articles to read about life...
    and also visit my blog www.picby.net

    ReplyDelete