Wednesday, November 30, 2011

ഒടുക്കം...ഗുലാം മരിച്ച ഒരു കലാകാരനാണ്.അയാളുടെ ചിത്രങ്ങള്‍ അധികമൊന്നും താന്‍ കണ്ടിരുന്നില്ല. സിതാരയുടെ കൂടെ നഗരത്തിലെ ലൈബ്രറിയില്‍ ചെന്നയന്നാണ് ആദ്യമായി അയാളുടെ ചിത്രം കണ്ടത്‌. 
   കറുത്ത പ്രതലത്തില്‍ വെളുത്തതും ചുവന്നതുമായ കുറെ വരകള്‍. അവള്‍ക്കതു നന്നായി രസിച്ചു.ഒരു കാക്കയെപ്പോലെ ചാഞ്ഞും, ചെരിഞ്ഞും അവള്‍ ചിത്രത്തില്‍ എന്തൊക്കയോ തിരഞ്ഞു. ഇപ്പോളിതാ അയാളുടെ ഒരു ഫോട്ടോയും ചേര്‍ത്തു തന്‍റെ facebook  എക്കൌണ്ടില്‍ ഒരു ലിങ്ക് വന്നിരിക്കുന്നു. നരച്ച താടിയും, തന്‍റെ ഇഷ്ട ജീവിയായ കുതിരയോടുള്ള സ്നേഹത്താല്‍ തിളങ്ങുന്ന കണ്ണുകളുമുള്ള, കുലീനനായ ഒരാള്‍.
                 
                  താഴെയുള്ള comment box ല്‍ ഏതാനും comments ഉണ്ട്; അനുകൂലിച്ചും, പ്രതികൂലിച്ചും. വായിക്കണോ? കഫേ ക്യൂബികിളിന്റെ ഇരുട്ടില്‍ അവളുടെ പുരുഷ രൂപം വെച്ച പ്രൊഫൈല്‍ തേടുന്നതിനിടയില്‍ അയാള്‍ സംശയിച്ചു. അവളുടെ മുന്‍കോപിയായ അമ്മാവന്‍റെ ഫോട്ടോ വെച്ച പ്രൊഫൈലിനടിയില്‍ അവളുടെ സ്ത്രൈണത പര്‍ദ്ദക്കടിയിലെന്ന തണുത്തുറഞ്ഞു. അയാളുടെ മീശയുടെ കരുത്താവണം ഫ്രണ്ട്സിന്‍റെ എണ്ണം കുറച്ചത്‌. തന്‍റെ സ്ത്രീ രൂപത്തിനു നേരെ നീളുന്ന സുഹൃത്തുക്കളെ നേരിടാന്‍ അവള്‍ കണ്ടെത്തിയ സൂത്രം. അമ്മാവന്‍ ഒന്നും അറിഞ്ഞിരിക്കില്ല. അവള്‍ comments ഒന്നും ഇട്ടിട്ടില്ല, ലൈനില്‍ എത്തിയിട്ടുമില്ല. വാച്ചറുടെ കണ്ണു വെട്ടിച്ചു ഹോസ്റ്റലിന്റെ പുറത്തു കടക്കാന്‍ ഇനിയും സമയം കഴിയണം. അയാള്‍ വെറുതെ ചിത്രകാരന്‍റെ ചിത്രത്തിനു താഴെയുള്ള comments വായിക്കാന്‍ തീരുമാനിച്ചു. അവള്‍ക്കതിഷ്ടമാവും. ചിത്രകാരന്‍റെ കൊലുന്നനെയുള്ള രൂപത്തോടും, ചിത്രങ്ങളോടും അവള്‍ക്കരാധനയാണ്.

                അതു കുറെ മുമ്പാണ്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌. Canteenന്‍റെ ഒഴിഞ്ഞ മൂലയില്‍ ഒരിടത്ത് രണ്ടു ചായക്കപ്പുകള്‍ക്കിരുവശം ഞങ്ങള്‍ ഇരുന്നു. അവളുടെ വലിയ കണ്ണുകളിലും, മൂക്കിന്‍ തുമ്പില്‍ വീഴാറായ വിയര്‍പ്പു തുള്ളിയിലും നോക്കി അവ്നിരുന്നു. മേശപ്പുറത്തു വിരിച്ച പേപ്പറില്‍ എന്തോ തിരയുകയാണവള്‍. പെടുന്നനെ കണ്ണുകളുയര്‍ത്തി കുസൃതിയോടെ അവള്‍ പറഞ്ഞു:
“നോക്ക്, അയാള്‍ ഒരു നഗ്ന ദേവിയെ വരച്ചിരിക്കുന്നു.”
അയാളുടെ കൊലുന്നനെയുള്ള രൂപം താന്‍ ആദ്യം കാണുന്നതു അന്നാണ്. ദേവിയുടെ ചിത്രം പത്രത്തിലില്ല. എങ്കിലും ചിത്രം വിവാദമാമായെന്നും ‘നഗ്നത’ അപമാനമാണെന്നും എഴുതിയിരുന്നു. തനിക്കു ചിരിക്കാനാണ് തോന്നിയത്‌. അവളോടു ചേര്‍ന്നുള്ള ഏതാനും നിമിഷങ്ങളുടെ ഓര്‍മ്മയിലാണ് താന്‍ ജീവിക്കുന്നത്‌ തന്നെയും. അയാള്‍ കൈ ടേബിളിനു മുകളിലൂടെ അവളോടു ചേര്‍ത്തു. പിന്നീടെപ്പോഴോ അയാള്‍ക്ക് നാടു വിടേണ്ടി വന്നെന്നു കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങളാല്‍ അവള്‍ കമന്റ്റ് ഇട്ടിരുന്നു. അന്നവളയച്ച എല്ലാ മെസ്സേജുകളും കറുത്ത പ്രതലത്തിലായിരുന്നു. 

                 മൗസ് അമര്‍ത്തും തോറും അസുഖകരമായ comment കളും ചിത്രങ്ങളും വന്നു കൊണ്ടിരുന്നു. തുറന്നു പിടിച്ച കണ്ണിലേക്കു blade ഇറക്കുന്ന ചിത്രം ആരോ upload ചെയ്തിരിക്കുന്നു. അവള്‍ക്കു വേണ്ടി ഒരു comment ഇടണമെന്നു തോന്നി.
ടൈപ്പ് ചെയ്യുമ്പോള്‍ ഏതൊക്കയോ ഭയങ്ങള്‍ തന്നെ വലയം ചെയ്യുന്നതായി അയാള്‍ക്ക്‌ തോന്നി. ‘നഗ്നത കലയിലും പാപമോ?’ ടൈപ്പ് ചെയ്ത അക്ഷരങ്ങള്‍ അയാള്‍ ബാക്ക്സ്പേസ് അടിച്ചു തിരുത്തി. തന്‍റെ പ്രൊഫൈല്‍ ഫോട്ടോയിലേക്ക് ഒരിക്കല്‍ കൂടി നോക്കി. പുറത്തെ എതൊക്കയോ കരങ്ങള്‍ തെരുവ് വിട്ടു, നിര്‍ത്തു ഭേദിച്ചു, തന്‍റെ സ്കൂളിന്‍റെ മതിലും കടന്നു കഫേയുടെ സ്വകാര്യതയിലേക്കു കടക്കാന്‍ രോഷത്തോടെ ആര്‍ത്തു വിളിക്കുന്നത് അയാള്‍ക്ക് കാണാം. അപ്പോള്‍ ഇന്‍ബോക്സില്‍ വന്ന സുഹൃത്തിന്‍റെ message അയാള്‍ ഇങ്ങനെ വായിച്ചു.
‘പ്രൊഫൈല്‍ ഫോട്ടോ മാറ്റി കമന്റ്റ്, ഇതു ശിഖണ്ഡിയുടെ യുദ്ധഭൂമി’
വിന്‍ഡോകള്‍ എല്ലാം അടച്ചു അയാള്‍ പുറത്തേക്കിറങ്ങി.