തറവാട്ടുമുറ്റത്ത് കാരണവരുടെ
ബലിഷ്ട കാലുകൾ പോലെ
വെള്ളത്തിന് കുറുകെ
ഇരുമ്പും കോൺക്രീറ്റും ചേർന്ന
തൂണുകൾ.
അവ
ഒന്നായി വന്ന പുഴയെ
തടുത്തു
പലതായി പകുത്തു.
പാലത്തിനപ്പുറത്ത്
ഉൾനോവുകളമർത്തിയ
ജല സമൃദ്ധി
പാലത്തിൻ്റെ ഉമ്മറപ്പടിയിൽ നിന്ന്
ക്രോധത്തോടെ
പതച്ച് ചാടുന്നു.
അപ്പുറത്തെ
പച്ചപ്പ്,
മൂടൽ മഞ്ഞു രൂപങ്ങൾ
പിന്നിട്ട
കുട്ടിക്കാല ദൃശ്യം പോലെ
തൂണുകൾക്കിടയിലെ
ചതുര തിരശ്ശീലയിൽ
തെളിയുന്നു.
പിൻമടങ്ങാനാവാതെ
മുന്നോട്ടാഞ്ഞ
ജലത്തിൻ്റെ
ശങ്കയും ക്രോധവും
വെള്ളത്തിന് മീതെ
മീൻ കുതറലുകളാവുന്നു.
പുഴക്കരയിലെ
വലക്കാരൻ
ധ്യാനിച്ച്
തക്കം പാർത്തിരുന്നു.
ജലത്തിൻ്റെ
തിരിച്ച്പോക്ക്
ഉൾവഹിച്ച്
മീനുകൾ
പാലത്തിനപ്പുറത്തേക്ക്
ചാടി
തൊട്ടിൽ പോലുള്ളചെറുവലകളിൽ
കുരുങ്ങി.
അവയുടെ പിടക്കലിൽ
എൻ്റെ ബാല്യസ്മരണകൾ
കൂടിക്കുഴയുന്നു.
വലക്കാരൻ്റെ
ധ്യാനത്തിന്
മീനുകളുടെ
കണ്ണിൽ പതിഞ്ഞ
ജലത്തിൻ്റെ ആധി
വായിക്കാനാവുമോ?
കാലത്തിന്
എൻ്റെ ജീവിതത്തിൻ്റെയും?


.jpeg)
No comments:
Post a Comment