Tuesday, April 16, 2013

ജാതി പോക്കുന്ന യന്ത്രം.

             മുല്‍ക്ക് രാജ് ആനന്ദിന്‍റെ  തൊട്ടു കൂടാത്തവര്‍  (Untouchables) എന്ന നോവല്‍ ജാതി എങ്ങനെ ഇല്ലാതാക്കാം എന്നു ചോദിക്കുന്നുണ്ട്.    മൂന്നു പരിഹാരമാണ് ബക എന്ന പ്രധാന കഥാപാത്രത്തിനു മുന്നിലുള്ളത്.
  1. മതം മാറുക.
  2. ഗാന്ധി മാര്‍ഗം സ്വീകരിച്ചു എല്ലാവരും ജാതിക്കപ്പുറം ഒന്നായി ജീവിക്കുക.
  3. യന്ത്രങ്ങള്‍ കൊണ്ടു വരിക.
ഹീന ജാതിക്കാര്‍ ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ യന്ത്രങ്ങള്‍ തയ്യാറാക്കുക.  അപ്പോള്‍ പിന്നെ താഴ്ന്ന ജാതി ഇല്ലല്ലോ...!!

                       നോവല്‍ വായിക്കുന്ന കാലത്ത് അതൊരു മണ്ടത്തരമായാണ് ഞാന്‍ മനസിലാക്കിയിരുന്നത്.  ജാതി അത്ര വേഗം തൂത്തു മാറ്റാനാവുമോ ? യന്ത്രങ്ങള്‍ എങ്ങനെ ജാതി ഇല്ലാതാക്കും?  ആനന്ദിന്‍റെ നിരീക്ഷണത്തില്‍ കഴമ്പു ണ്ടെന്നു  തന്നെ വേണം മനസ്സിലാക്കാന്‍.  കാരണം എന്‍റെ നാട്ടിന്‍ പുറത്തും തേങ്ങയിടുന്ന പണി യന്ത്രങ്ങള്‍ ചെയ്തു തുടങ്ങി.  കഴിഞ്ഞ ദിവസം ഒരു ടൈല്‍സ് പണിക്കാരനാണ് യന്ത്രവുമായി എത്തിയത്. പിറ്റേന്ന് ഒരു കൂലിപ്പണിക്കാരന്‍ മാപ്പിള. കാലങ്ങളോളം തേങ്ങയിട്ടു നടന്ന തിയ്യനെ ആരും തിരയുന്നില്ല.

                         ****      ****            ****      ***         ****
         
   "ആണ്ടിയെവിടെ?"
      കുട്ടിക്കാലം തൊട്ടേ ഞങ്ങളുടെ പറമ്പില്‍ തേങ്ങയിട്ടിരുന്നത് ആണ്ടിയായിരുന്നു.  ചൂടിയും പാളയും ചേര്‍ത്തുണ്ടാക്കിയ  തളപ്പ് തട്ടി തഴമ്പ് വന്ന കാലുകള്‍. ചെരിഞ്ഞു കിടക്കുന്ന തെങ്ങിലൂടെ ആകാശത്തിലേക്ക് കയറിപ്പോകുന്ന ആണ്ടി എന്‍റെ  കുട്ടിക്കാല കൌതുകങ്ങളില്‍ ഒന്നാണ്.  ഇളനീര്‍ വെട്ടി  കയ്യില്‍ തന്നു , സ്നേഹത്തോടെ ചിരിച്ച തിയ്യനു  ഞങ്ങള്‍ കുട്ടികളെ  ഇഷ്ടമായിരുന്നു--തെങ്ങുകളെയും.  പാണന്‍ കുന്നിന്‍റെ ചെരിവിലെവിടെയോ ആണ്ടി കഴിയുന്നുണ്ടാവും.
      
            ഇനി വരുന്ന തലമുറ ആണ്ടിയെ അറിയുമോ?............

3 comments:

  1. ഞാനാ ഏറ്റവും വല്യ അഹങ്കാരി എന്ന്‌ വിശ്വസിക്കുന്ന ഒരു പാവം അഹങ്കാരിയാ നോം

    ReplyDelete
  2. ഇനി ആണ്ടിയില്ല

    ReplyDelete
  3. എന്റെ നാട്ടിൽ യന്ത്രവുമില്ല, ആണ്ടിയുമില്ല ..
    ജാതി ഇല്ലാണ്ടില്ലാണ്ടില്ല ..
    ആശംസകൾ

    ReplyDelete