Saturday, June 11, 2011

കുഞ്ഞിമോന്റെ സാഹസിക യാത്ര


പെരുമ്പാറ മുത്തിയെ കാണണമെന്നത് കുഞ്ഞിമോന്റെ ഒരാഗ്രഹമാണ്. മാവിന്‍റെ ചോട്ടിലിരുന്നു കളിക്കുമ്പോള്‍ കുഞ്ഞി മോളാണ് പറഞ്ഞത്‌.

“പിന്നണ്ടല്ലോ...അങ്ങട്ട് നോക്ക്...” കുഞ്ഞു വിരലുകള്‍ പാണന്‍ കുന്നിനു നേരെ ചൂണ്ടി അവള് പറഞ്ഞു.
“ആ കുന്നിന്‍റെ മോളില്, ഒരു ചെറ്യേ കുടിലിലുണ്ടല്ലോ..വയസായാ മരിക്കാത്ത ഒരു മുത്തിയുണ്ട്. നമ്മടെ നാട്ടിലെ എല്ലാ രോഗത്തിനൂള്ള മരുന്നുന്ടെത്രേ അതിന്‍റെ കയ്യില്...”

കുഞ്ഞിമോനത് വിശ്വാസമായില്ല. കുത്തനെ നിക്കുന്ന ഈ കുന്നിന്‍ മുകളില്‍ മുത്തിയോ? പാണന്‍ കുന്നിലേക്ക് നോക്കി അവന്‍ മനസ്സില്‍ പറഞ്ഞു.

പക്ഷേ, പിന്നീടൊരിക്കല്‍ പാണന്‍ ചെരുവില്‍ കല്യാണത്തിനു ക്ഷണിക്കാന്‍ കൂട്ടു പോയന്നാണ് അവനു മുത്തിയെ കാണണമെന്ന് തോന്നിയത്‌. ചെരുവിലെ വീടുകളിലെ അബ്ദുറുവിന്‍റെ ഉപ്പക്കും എളാപ്പക്കും എണീക്കാന്‍ വയ്യ...ചുമച്ചു ചുമച്ചു കൂനിക്കൂടി ഇഴഞാനു നടപ്പ്. എന്താ ദീനം?
ഒന്നുമില്ല...ചികിത്സിച്ചിട്ടും ചികിത്സിച്ചിട്ടും മാറാത്ത ദീനം.
‘മുത്തിയെ കാണണം’ അവന്‍ മനസിലുറച്ചു.

*        *         *

കഥയിലെ ‘ഹക്കിള്‍ ബറി ഫിന്‍’ ചെയ്ത പോലെ ഉമ്മയോടോ ഉപ്പയോടോ പറഞ്ഞില്ല. കുഞ്ഞി മോളോട് പറഞ്ഞില്ല (കുസൃതിയാ...പറഞ്ഞാപ്പിന്നെ എല്ലാരോടും പോയി പറയും). ഉച്ചയ്ക്ക്‌ എല്ലാവരും ഉറങ്ങിയ നേരത്ത് കുഞ്ഞിമോന്‍ യാത്ര തിരിച്ചു. മടിയില്‍ വലിയുമ്മയുടെ പെട്ടിയിലെ നാലില വെറ്റിലയും അടക്കയും. കുന്നു കയറുമ്പോള്‍ ‘ആരും അറിയരുതേ’ എന്നവന്‍ പ്രാര്‍ത്ഥിച്ചു.
ദൂരെ നിന്ന് കാണുന്നതു പോലെയല്ല. മരങ്ങളൊക്കെ ആരോ വെട്ടി ഇറക്കിയിരിയിരിക്കുന്നു. പകരം ഒരു തൈ എല്ലായിടത്തും വച്ച് പിടിപ്പിച്ചുണ്ട്. അതിന്റെ ഇല പൊട്ടിച്ചു മണത്തു. ഒരു മണവുമില്ല, വെള്ള കറ മാത്രം.

ഉച്ച കഴിഞ്ഞിരുന്നു കുടിലിനടുത്തെത്തുമ്പോള്‍ -
മുമ്പിലെ തിണ്ണയില്‍ ആരോ നൃത്തം ചെയ്യുന്നു. നോക്കുമ്പോള്‍ ഒരു കൊച്ചു പെണ്‍കുട്ടി. അവള്‍ മോണ കാട്ടിച്ചിരിച്ചു അകത്തേക്ക് പാഞ്ഞു.
“വല്യമ്മേ....” 

അകത്തെ ഇരുട്ടില്‍ നിന്നും ഒരു സ്നേഹ ദീപം പോലെ പ്രസന്നമായ മുഖത്തോടെ മുത്തി വന്നു.കൂനിക്കൂടിയിരിക്കുന്നു. കണ്ണിനു മുകളില്‍ കൈ ചേര്‍ത്ത് സൂക്ഷിച്ചു നോക്കി.

“നീ വന്നോ?”

മുത്തി പുറത്തേക്ക് വന്നു, കുടിലിനു വശത്തെ ചെറിയ പാറയിലേക്ക്‌ നടന്നു. അതിനടുത്തൊരിടത്തിരുന്നു കുഞ്ഞി മോനെ വിളിച്ചു.
 “മോന്‍ വാ...”

അവന്‍ ചെന്നു, പരിചയമുള്ള ആരോ ഒരാള്‍ വിളിച്ചതു പോലെ...പിന്നെ മുത്തിയുടെ മടിയില്‍ കിടന്നു. മുത്തിയുടെ നേര്‍ത്ത വിരലുകള്‍ അവന്‍റെ മുടിയിഴകളിലൂടെ അലഞ്ഞു. അകലെ ആകാശത്തു പറവകള്‍ കൂട്ടം കൂട്ടമായി പറന്നകന്നു
.
“മോനെന്തിനാ വന്നത്?”

ആകാശത്തിന്‍റെ മൂലകളിലെവിടെ നിന്നോ ദയയൂറുന്ന ശബ്ദത്തില്‍ കുഞ്ഞി മോനത് കേള്‍ക്കാറായി. അവന്‍ ഒന്നും പറഞ്ഞില്ല. അവന്‍റെ കണ്ണുകളിലേക്ക് നോക്കിയ മുത്തി ആകാശവും,പാണന്‍ കുന്നും
അതിലെ ആത്മാവുകളെയും കണ്ടു. അബ്ദുറുവിന്റെ ഉപ്പയേയും, എളാപ്പയേയും എല്ലാം.

“എന്തു ചെയ്യാനാ മോനേ?”

മുത്തി നിസ്സഹായതയോടെ കുന്നിലേക്ക് ചായുന്ന സൂര്യനെ നോക്കി. ദേശത്തിന്‍റെ ദു:ഖമത്രയും തന്റെ ആത്മാവില്‍ വാങ്ങി, ബാല്യം കടം കൊടുത്തിരിക്കുന്ന അവനോടു മുത്തി നിയോഗങ്ങളുടെ ദുരിതം പറഞ്ഞു.

“അച്ഛനുമമ്മയും, അനിയനും, ഏട്ടനും. എത്ര സ്വസ്ഥരായി കഴിഞ്ഞവരാ ഞങ്ങള്‍...ഈ മണ്ണും മരവും കാടും ഞങ്ങള്‍ക്കൊപ്പം വളര്‍ന്നതാ...പിന്നെയല്ലേ മോന്‍റെ ആള്‍ക്കാര്‍ വന്നു ഒക്കെ സ്വന്താക്കീത്? ഒരു തരി ഞങ്ങള്‍ക്ക് തന്നില്ല....ചെറുത്തു നിന്ന ഏട്ടനേയും,അച്ഛനേം, മറ്റുള്ളവരേം ആ ചെരുവിലാ കൊന്നു തള്ളീത്‌. അവരുടെ ആത്മാക്കളെ ഈ മുത്തി പിടിച്ചാല്‍ കിട്ടുമോ?”

മുത്തി അവന്‍റെ നെറുകയില്‍ ചുംബിച്ചു. നിസ്സഹായയായ ഒരമ്മ യാത്രയാക്കും പോലെ കുന്നിറങ്ങുന്ന അവനെ നോക്കി നിന്നു. നിയോഗങ്ങളുടെ സങ്കീര്‍ണ്ണതയില്‍ താന്‍ വളര്‍ന്നു പോവുന്നതായി തോന്നി....

7 comments:

 1. 'അകത്തെ ഇരുട്ടില്‍ നിന്നും ഒരു സ്നേഹ ദീപം പോലെ പ്രസന്നമായ മുഖത്തോടെ മുത്തി വന്നു.കൂനിക്കൂടിയിരിക്കുന്നു.കണ്ണിനു മുകളില്‍ കൈ ചേര്‍ത്ത് സൂക്ഷിച്ചു നോക്കി'
  നല്ല രചന.ഇനിയും എഴുതുക.ഭാവുകങ്ങള്‍

  ReplyDelete
 2. ദേശത്തിന്‍റെ ദു:ഖമത്രയും തന്റെ ആത്മാവില്‍ വാങ്ങി........
  നന്നായിട്ടുണ്ട്.

  ReplyDelete
 3. എന്നോട് കൂട്ടു കൂടാമോ !!

  ReplyDelete
 4. നല്ല അവതരണം.ഭാഷ മനോഹരമായിട്ടുണ്ട്.

  ReplyDelete
 5. ഞാന്‍ വായിച്ചു കൊടുന്നതോക്കയും കേട്ടു അഭിപ്രായങ്ങള്‍ പറയുന്ന എന്റെ കൂട്ടുകാരിയുടെ അഭാവം എന്നെ ഇവിടെ എത്തിച്ചു
  വായിച്ചു അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്കും നന്ദി.

  ReplyDelete
 6. നല്ല അവതരണം..ഇഷ്ടായി..ഇനിയും ഇതുപോലത്തെ പോസ്റ്റുകള്‍ ഉണ്ടാവട്ടെ..അക്ഷരതെറ്റുകള്‍ ഒഴിവാകുമല്ലോ.. ആശംസകള്‍..വീണ്ടും കാണാം..

  ReplyDelete