Saturday, July 26, 2025

വലക്കാരൻ (കവിത)

പാലത്തിനിപ്പുറമിരുന്ന്

ഞാൻ പുഴയിലേക്ക് നോക്കി.
തറവാട്ടുമുറ്റത്ത് കാരണവരുടെ
ബലിഷ്ട കാലുകൾ പോലെ
വെള്ളത്തിന് കുറുകെ
ഇരുമ്പും കോൺക്രീറ്റും ചേർന്ന
തൂണുകൾ.

അവ 
ഒന്നായി വന്ന പുഴയെ 
തടുത്തു  
പലതായി പകുത്തു.

പാലത്തിനപ്പുറത്ത്
ഉൾനോവുകളമർത്തിയ
ജല സമൃദ്ധി
പാലത്തിൻ്റെ ഉമ്മറപ്പടിയിൽ നിന്ന്
ക്രോധത്തോടെ 
പതച്ച് ചാടുന്നു.

അപ്പുറത്തെ

വെള്ളത്തിൻ്റെ നിറവ്,
പച്ചപ്പ്,
മൂടൽ മഞ്ഞു രൂപങ്ങൾ
പിന്നിട്ട
കുട്ടിക്കാല ദൃശ്യം പോലെ 
തൂണുകൾക്കിടയിലെ
ചതുര തിരശ്ശീലയിൽ
തെളിയുന്നു.

പിൻമടങ്ങാനാവാതെ
മുന്നോട്ടാഞ്ഞ
ജലത്തിൻ്റെ 
ശങ്കയും ക്രോധവും
വെള്ളത്തിന് മീതെ
മീൻ കുതറലുകളാവുന്നു.

പുഴക്കരയിലെ 
വലക്കാരൻ
ധ്യാനിച്ച് 
തക്കം പാർത്തിരുന്നു.
ജലത്തിൻ്റെ
തിരിച്ച്പോക്ക്
ഉൾവഹിച്ച്
മീനുകൾ 
പാലത്തിനപ്പുറത്തേക്ക്
ചാടി 
തൊട്ടിൽ പോലുള്ളചെറുവലകളിൽ
കുരുങ്ങി.
അവയുടെ പിടക്കലിൽ
എൻ്റെ ബാല്യസ്മരണകൾ
കൂടിക്കുഴയുന്നു.

വലക്കാരൻ്റെ 
ധ്യാനത്തിന്
മീനുകളുടെ
കണ്ണിൽ പതിഞ്ഞ
ജലത്തിൻ്റെ ആധി
വായിക്കാനാവുമോ?
കാലത്തിന്
എൻ്റെ ജീവിതത്തിൻ്റെയും?


Sunday, March 2, 2025

ആയിരം വാതിലുകളുള്ള വീട് by Meena Alexander (Malayalam Translation)

ഈ തറവാടിനായിരം വാതിലുകൾ.
പാമ്പിനെയും
പോകാന്തവളയെയും
പഴുതാരയെയുമകറ്റാനായി
മൂന്നിഞ്ച് ഉയർത്തിപ്പണിത
ജാലകപ്പടി
പശ്ചിമ തീരത്തു
സായാഹ്‌ന സൂര്യൻ
എരിഞ്ഞടങ്ങവേ
നരച്ച കളകൾക്കിടയിൽ
മിന്നി മിന്നി തിളങ്ങുന്നു.

ചുവന്ന ഓടിട്ട മേൽക്കൂരയുറപ്പിച്ച
മോന്തായം
ഭൂമിയുടെ അറ്റത്തു നിന്നു
ശൂന്യതയിലേക്കെയ്ത
ശരാഗ്രം പോൽ
തിളങ്ങുന്നു.
കിനാവിൽ
തിരയിളകുന്നു,
അമ്മമ്മയുടെ കയ്യിലെ
ശംഖു നിറമുള്ള വിശറി
വെളിച്ചത്തിൽ അനാവൃതമാകുന്നു.

കണക്കില്ലാത്ത
കടമകൾ നിറവേറ്റാൻ
അവർ
ഒന്നൊന്നായി
ആയിരം വാതിലുകളിൽ
കുമ്പിടുന്നു.
ഞാൻ ഇരുട്ടിൽ  
ഓടക്കുഴൽ നാദം    
കേൾക്കുന്നു
ആയുഷ്കാലമത്രയും
ഞാൻ കാണുന്നു
തന്നെ പുറത്താക്കിയ
കുലദൈവങ്ങളോടുള്ള
അവരുടെ യാചന.