Friday, December 16, 2011

നബീസുവിന്‍റെ പ്രസക്തി.


           കുഞ്ഞി മൊയ്തീന്‍റെ പെണ്ണു കാണലിന്‍റെ കാര്യം മ്മളെ നാട്ടിലെ എല്ലാര്‍ക്കും അറിയാം. ഇനി ബൂലോകത്ത് റിവ്യൂം എഴുതി നടക്കുന്ന വല്ലോര്‍ക്കും അതറിയില്ലാന്നാന്നുണ്ടെങ്കില്‍ മ്മള് ഒരട്ടം കൂടി പറയാം. കേട്ടോല് അങ്ങട്ടു ക്ഷമിച്ചു 
  
ഗള്‍ഫീന്നു പത്രാസോടെയാണ് മൊയ്തീന്‍ തിരിച്ചു വന്നത്.  അത്തറു പൂശി, ഇന്‍സൈഡ്‌ ചെയ്തു, നല്ല ഗമേല്‍ തന്നെ. ഗള്‍ഫീന്നു വന്നാ പിന്നെ ആദ്യ കര്‍മ്മം കല്യാണം.  പെണ്ണു കാണല്‍ വന്ന ദിവസം തന്നെ തുടങ്ങി. നാടായ നാടൊക്കെ,വീടായ വീടൊക്കെ, തെരഞ്ഞു നടന്നു. കുഞ്ഞു മൊയ്തീനുണ്ടോ പറ്റുന്നു ഈ സാധാ പെണ്ണുങ്ങളെ...? കണ്മഷി തേച്ചുംപൗഡറിട്ടും, ചുരിദാറു മാറ്റിയും, പെണ്ണുങ്ങള്‍ ഒരുങ്ങി നിന്നു. ഗള്‍ഫീന്ന് കണ്ട മിസ്‌രി പെണ്ണിന്‍റെ മൊഞ്ച് മാത്രം മൊയ്തീന്‍റെ മനസ്സില്‍ നിന്നു. അവിടന്ന് ഒന്നും മിണ്ടാന്‍ പറ്റിയില്ലേലും അവന്‍ ഓരോ പെണ്ണിലും അത് തന്നെ തിരഞ്ഞു.  കമ്മീഷന്‍ കണക്കാക്കി നിന്ന ബ്രോക്കര്‍ ഓരോ വട്ടം കഴിയുമ്പളും ചോദിച്ചു. "ഇതെങ്ങനെ?" അവന്‍ നിഷേധാര്‍ഥത്തില്‍ തല കുലുക്കി. "മൊഞ്ച് പോരാ..." "പെണ്ണിന്‍റെ ബാപ്പക്ക് മീശ പോരാ..." "വീട് കിടക്കുന്ന കിടപ്പു കണ്ടില്ലേ...?""എന്താ അദ്രു അതിന്‍റെ കോലം" "ഒരു സൗന്ദര്യ ബോധണ്ടോ?" "ദരിദ്ര വാസികള്‍"
                           
                              ബ്രോക്കര്‍ അദ്രു കഴിയുമ്പോലെ നാവിട്ടടിച്ചു. ഒന്നും നടന്നില്ല. നൂറാമത്തെ വീടും കയറി ഇറങ്ങിയപ്പോ അദ്രു തോല്‍വി സമ്മതിച്ചു. അയലത്തെ നബീസുവും സംഗതി ഒക്കെ അറിഞ്ഞു. കുഞ്ഞി മൊയ്തീന്‍റെ അത്തറു മണത്തില്‍ അവള്‍ക്കും ഒരു കണ്ണുണ്ട്. മിസ്‌രി പെണ്ണിന്‍റെ മൊഞ്ചും ഓര്‍ത്ത് ദിവാ സ്വപ്നം കാണുന്ന കുഞ്ഞി മോയ്തീനോട് അവള്‍ തിരക്കി.
"എന്താപ്പത്, ആരേം പറ്റീലേ?..."
കുഞ്ഞി മൊയ്തീന്‍ ഒന്ന്‍ തണുത്തിരുന്ന കാലമാണ്.
"ഹെന്ത് പറയാനാ..,നബീസൂ....ഒക്കെ ഒരു വകേണ്."
നബീസു വിട്ടില്ല.
"അതിനിപ്പോ ഇങ്ങളെ കാണാന്‍ എന്തു മൊഞ്ചാന്നല്ലേ"
മുറിക്കകത്തു പോയി കണ്ണാടിയുമായി അവള്‍ തിരിച്ചു വന്നു. അത് കുഞ്ഞി മോയ്തീനു നേരെ പിടിച്ചു.  കരുവാളിച്ച തന്‍റെ മുഖവും, പൂര്‍ത്തിയാവാത്ത മീശയും, എഴുന്നു നില്‍കുന്ന എല്ലുകളും കുഞ്ഞി മോയ്തീന്‍ കാണുന്നതപ്പോഴാണ്. അതിന്‍റെ പിറ്റേ മാസം കുഞ്ഞി മോയ്തീന്‍ നബീസൂനെ കെട്ടി, പൊറുത്തു തുടങ്ങി.
=====================================

                                              മൊയ്തീന്‍റെ പെണ്ണു കാണല്‍ പോലെയാണു മലയാളത്തിലെ വിമര്‍ശകരുടെ കാര്യം.തിയേറ്ററില്‍ പോയി സിനിമ കാണുന്ന സാധാരണ പ്രേക്ഷകന്‍റെ കാഴ്ച്ചയൊന്നും അവള്‍ക്കു പറ്റില്ല. പ്രാദേശികമായ എല്ലാ സിനിമകളിലും കുറവുകളെയുള്ളൂ. "തീം നന്നായില്ല" "അഭിനയം കലക്കി, പക്ഷേ ഫോട്ടോഗ്രഫിയുടെ കാര്യം കഷ്ടം.""ഇവനോടൊക്കെ ആരാ സിനിമയുണ്ടാക്കാന്‍ പറഞ്ഞത്‌?." "പ്ഫൂ..അതാണോ സിനിമ?, സിനിമയാണങ്കില്‍ ഫ്രഞ്ചുകാരെ കണ്ടു പഠിക്കണം." "ഇവനൊക്കെ സിനിമയെക്കുറിച്ച് എന്തറിയാം?"  "രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ ഈ സിനിമ ഒരു പിന്നോട്ടു പോക്കാണ്." "ആ സിനിമയുടെ ആ ഭാഗം ഈ സിനിമയുടെ ഈ ഭാഗത്തുണ്ട്...".അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങളാണ്. തിയേറ്ററില്‍ വരുന്ന സാധാരണ സിനിമയെ വിമര്‍ശിച്ചു പരിപ്പെടുക്കാന്‍ മാത്രം കോളം ചെയ്യുന്ന വിമര്‍ശന ശിങ്കിടികളുണ്ട്. വിവാദ വ്യവസായത്തില്‍ ഒരു ശ്രമം. ഒത്താല്‍ ഒത്തു, പോയാ പോയി. സിനിമയുണ്ടാക്കുന്നതവന്മാര്, കാണുന്നതു വൈകുന്നേരം പണിയും കഴിഞ്ഞു വരുന്നോര്‍, ആര്‍ക്കെന്തു ചേതം?

                                     'ആദാമിന്‍റെ മകന്‍ അഫൂന്അവാര്‍ഡ്‌ കിട്ടിയത്‌ ചിലര്‍ക്കങ്ങു സഹിച്ചില്ല. സിനിമാ അവാര്‍ഡോ? അതിനോ? അതിനൊരു പ്രമേയം ഉണ്ടോ? രാഷ്ട്രീയം ഉണ്ടോ? അതു മനുഷ്യന്‍റെ പ്രശ്നമാണോ? മ്മള് അതിലാകെ കണ്ടത്‌ 'ഹജ്ജ്‌ ചെയ്യാന്‍ നല്ലത് അക്ബര്‍ ട്രാവല്‍സാണ് ന്നാട്ടോ...കാട്ടു വാസികളെ പോലെ അതും ഇതും പറഞ്ഞു നടക്കുന്ന കൂട്ടര്‍ക്കു അവാര്‍ഡോ?..അത്ഭുതം തന്നെ. അതു തമാശിക്കാന്‍ കോളക്കാരന്‍ ഒരു മൗലവിയുടെ പ്രസംഗം ആണു കേട്ടെഴുതിയത്. വിവരം ഇല്ലാത്ത കൂട്ടരല്ലേഅവറ്റ അങ്ങനെയേ പറയൂ... സിനിമ ആരുണ്ടാക്കിയാലും മ്മക്ക് ഇഷ്ടായാ നന്നായി. അല്ലങ്കില്‍ വിമര്‍ശിച്ചു അതിന്‍റെ നട്ടൂരും, അത്രന്നെ.  മ്മക്ക് തിരിയാത്ത രാഷ്ട്രീയോ? നോ..നോ...നോ... മ്മള് മുമ്പ് കാലത്ത് കണ്ട നാടകണ്ടല്ലോ..നടാഹം....അതിലൊക്കെ രാഷ്ട്രീയണ്ടല്ലോ, അതേ സിനിമയിലും പറ്റൂ..അല്ലാതെ കണ കുണ ഫോട്ടോ വെച്ച് ആദാമിന്‍റെ മകന്‍ അഫൂ എന്നൊന്നും പറഞ്ഞാ മ്മള് വെറുതെ വിടൂല. ശിങ്കിടികള്‍ അങ്ങനെ വിമര്‍ശിച്ചു പോന്നു. സിനിമ കാണുന്നോരു കണ്ടു...അല്ലാതോല് കണ്ടതൂല്ല.


      അപ്പോളതാ വിമര്‍സനം തന്നെ വിമര്‍സനം. എന്താ കാര്യം? സില്മ കണ്ടോല്‍ക്ക് പറ്റിയിക്ക്ന്നു. അവരോരോന്നു എഴുതുന്നു. അതു വേണ്ട. മ്മള് വിമര്‍ശക കടുവകള്... മ്മളെ വിമര്‍സിക്കുന്ന കിടുവകളോ?.  ഉടനെ വന്നൂ നമ്പര്‍. "മ്മളെ എരയാക്കുന്നൂ...""മ്മളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ വിമര്‍ശിക്കുന്നേ...""മ്മള് ഇപ്പോ എഴുത്തു നിര്‍ത്തും"."മ്മളെ ജാതി ചോദിക്കുന്നേ...", "മതം നോക്കുന്നേ.."" മ്മളെ മുണ്ട് പൊക്കി നോക്കുന്നേ.." (മ്മള് ഷാതി, മതം,മാര്‍ക്കറ്റ്, എന്നിവ നോക്കിയേ എഴുതൂന്നു വെച്ച് മ്മളെ ശോദ്യം ചെയ്യാന്നു ആര് പറഞ്ഞു?). മ്മള്‍ക്ക് ശാതിയില്ല,മതമില്ല, ലിംഗമില്ല..സര്‍വ്വ സ്വതന്ത്രന്‍.അപ്പോളതാ വരുന്നു സഹായം. വിമര്‍ശന ലോകത്തെ പുലികളാണ്, അല്ല.. പുപ്പിലികളാണ്. പെരുത്ത സഹായം തന്നെ. അങ്ങനെ രക്ഷപ്പെട്ടു നില്‍ക്കയാണ്. അടുത്ത സിനിമ വന്നാല്‍ എന്തൊക്കെ കുറവുണ്ടെന്നറിയാന്‍ ബൂലോക വാസികള്‍ അങ്ങോട്ട്‌ വിട്ടോളൂ...
========================================

                        അപ്പോപ്പിന്നെ വിമര്‍ശനം വേണ്ട എന്നാണോ?. അല്ല. ബാര്‍ത്തിനെപ്പോലെ ഒട്ടനവധി വിമര്‍ശകര്‍ വിമര്‍ശനതിലൂടെ തനിമയാര്‍ന്ന മറ്റൊരു സൗന്ദര്യബോധം ഉയര്‍ത്തിപ്പിടിച്ചിരുന്നു. അതു പക്ഷേ വിദേശ സിനിമകളുടെ ആല്‍ക്കഹോള്‍ മൂഡിലാവരുതെന്നു മാത്രം. സ്വന്തം  ജനതയുടെ സംസ്കാരത്തിലൂന്നി ഒരു ബദല്‍ സൗന്ദര്യ ശാസ്ത്രം കൊണ്ടു വരാന്‍ വിമര്‍ശന ശിങ്കിടികള്‍ ഒരിക്കലെങ്കിലും അവരെത്തന്നെ കാണണം. അവരുടെ  മദ്ധ്യ വര്‍ഗ താല്‍പര്യവും, വിദ്യാഭ്യാസവും കാഴ്ച്ചയുടെ തിമിരമാണെന്നറിയണം. അവരുടെ കെട്ടിക്കിടക്കുന്ന രാഷ്ട്രീയമാണ് സിനിമയുടെ രാഷ്ട്രീയത്തെ തടയുന്നതെന്നു കാണണം. അതിനിപ്പോള്‍ മദ്ധ്യ വര്‍ഗ പടിഞ്ഞാറന്‍ വിദ്യാഭ്യാസത്തില്‍ കുളിച്ചു നില്‍കുന്ന ഇവരുടെ സ്വരൂപത്തിനു നേരെ കണ്ണാടി പിടിക്കാന്‍ കഴിയുന്ന ഒരു നബീസുവിനെ വേണം. അതിനീ ബൂലോകത്തു ആരെങ്കിലുമുണ്ടോ എന്നറിയാനാണീ കുറിപ്പ്.
                                                      
                                         ശുഭം………..ശുംഭം

10 comments:

 1. മലയാളത്തിലെ ഒരു ഒന്നാം തരം സിനിമയാണ് 'ആദാമിന്‍റെ മകന്‍ അബു' എന്ന് എനിക്ക് വിശ്വാസമില്ല. എന്നാല്‍ മലയാള സിനിമയുടെ സ്ഥിരം പല്ലവികളില്‍ നിന്നും വേറിട്ട്‌ നിന്ന ഒരു സിനിമയാണത്. നമ്മുടെ അനുഭവങ്ങളേ സിനിമയില്‍ വരാവൂ എന്നും നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാട് അത് ആവിഷ്കരിക്കണമെന്നും ഉള്ള ഒരു വാശിയാണ് പൊതുവേ ആ സിനിമയുടെ റിവ്യൂകളില്‍ കണ്ടത്‌. അതിനോടു പാണന്‍ ഇങ്ങനെ പ്രതികരിക്കുന്നു. അത്ര മാത്രം.

  ReplyDelete
 2. നബീസുവിന്റെ ഉപമകഥ നന്നായി. അബു നല്ല സിനിമയാണ്. പക്ഷെ മേളയില്‍ തഴയപ്പെട്ടു . അതിനു പിന്നിലെ കളികള്‍ കാലം പുറത്തു കൊണ്ട് വരട്ടെ ...

  ReplyDelete
 3. thanks.........

  definitely films have politics, but the politics of the evaluators must be brought out

  ReplyDelete
 4. നന്ദി സുസ്മേഷജി.
  എന്‍റെ കുടില്‍ സന്ദര്‍ശിച്ചതിന്.

  ReplyDelete
 5. നന്ദി

  വന്നു വായിച്ച എല്ലാവര്‍ക്കും.

  ReplyDelete
 6. ho, katha kandapol karuthi..potte saramilla. But I like the main subject.

  ReplyDelete