വരമൊഴി
Friday, November 15, 2024
Thursday, July 18, 2013
ഓർമ്മക്കുളങ്ങൾ
തിമിര്‍ത്തു പെയ്യുന്ന മഴ. കനത്ത മഴത്തുള്ളികള്‍
വീടിനു മുകളില്‍ മദ്ദളം കൊട്ടുന്നു.ആര്‍ത്തലച്ചെത്തുന്ന മഴയുടെ സീല്‍ക്കാരം
നിങ്ങളെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് വഴിനടത്താറുണ്ടോ? ഉച്ചസ്ഥായിലായ ചെണ്ട
മേളം വെളിച്ചപ്പാടിനെ ഉറയാന്‍ പ്രേരിപ്പിക്കുന്ന പോലെ വീടിനു പുറത്തെ
നാട്ടുവഴിയിലേക്ക് അത് എന്നെ കൈപിടിച്ചു നടത്തി. ഉപേക്ഷിക്കപ്പെട്ട തെക്കേതിലെ
കുളക്കരയിലാണ് ചെന്നെത്തിയത്. കുളക്കരയില്‍ കുന്തിച്ചിരുന്ന് ഞാന്‍ മഴത്തുള്ളികള്‍
വെള്ളത്തോട് മന്ത്രിക്കുന്നതും നോക്കിയിരുന്നു. ഇരുട്ടു പകരുന്ന ഭൂമിയിലേക്ക്
പതിക്കുന്ന മഴയുടെ വെളുത്ത നാരുകള്‍.
എന്‍റെ നാട്ടിന്‍പുറത്ത് ഏറ്റവും അവസാനം നീന്തല്‍
പഠിച്ചത് ഞാനും ജമാലുമാണ്. ഒത്തിരി കാലം ഞങ്ങള്‍ കടവിലെ ഇത്തിരി വെള്ളത്തില്‍
ഉമ്മയുടെ മാക്സിയില്‍ തൂങ്ങി നീന്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇക്കരെ നിന്നും
പിടിവിടുന്ന നിമിഷം തണുപ്പും ആഴവും ഞങ്ങളെ പരിഭ്രാന്തരാക്കി. ഭയത്തോടെ തിരിച്ചു
കയറുമ്പോള്‍ എല്ലാവരും ചിരിച്ചു. എന്‍റെ അനിയത്തി നീന്തല്‍ പഠിച്ചു
കുളത്തിലേക്കെടുത്തു ചാടുമ്പോള്‍ ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.
കുട്ടികള്‍ പലരും മുകളില് നിന്ന് കുളത്തിലേക്കെടുത്തു ചാടി നീന്തി കരകയറി. ഞാന്‍
മൂകസാക്ഷിയായി നിന്നതേയുള്ളൂ.
എല്‍.പി. സ്കൂളില്‍നിന്നും അടുത്ത സ്കൂളിലേക്കു
മാറ്റം കിട്ടിയപ്പോഴും കുളത്തിന്‍റെ നിലയില്ലായ്മ എന്നെ ഭീതിപ്പെടുത്തിയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം
കുളിക്കാന്‍ പോകാന്‍ എനിക്ക് വല്ലായ്മ തോന്നി. അതിനാല്‍ ഞാന്‍ തനിച്ചു കുളക്കടവില്‍
ചെന്നു കുളിച്ചെന്നു വരുത്തി തിരിച്ചു പോന്നു. അന്നും ഇതുപോലെ ഈ കുളത്തിലേക്ക്
നോക്കിയിരിക്കല്‍ എന്‍റെ വിനോദമായിരുന്നു. മഴക്കു ശേഷമുള്ള തെളിഞ്ഞ നീല ജലത്തില്‍
കുളത്തിന്‍റെ ആഴം നോക്കി ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു പളുങ്കുമണി പോലെ
തെളിഞ്ഞ ജലം. മേല്‍പരപ്പില്‍ പ്രതിഫലിക്കുന്ന ആകാശവും മരങ്ങളും. അകത്തേക്കു
നോക്കിയാല്‍ അറകളില്ലാത്ത നിലം. അപ്പോള്‍ മാത്രമാണ് കുളത്തെ
ഞാനിഷ്ടപ്പെട്ടിരുന്നത്. അതിരാവിലെ എഴുന്നേറ്റു, എല്ലാവരും വന്നു കുളം
കലങ്ങിമറയുന്നതിനു മുമ്പേ വന്നു കുളത്തിന്‍റെ തുറന്ന അകം നോക്കി ഞാന്‍ നില്‍ക്കും.
നീന്തിയകലുന്ന തവളയുടെ മിനുത്ത, വെളുത്ത പാദങ്ങള്‍ വെള്ളത്തില്‍ സഞ്ചരിക്കുന്നതു
കാണാം. തവളയുടെ നീക്കങ്ങള്‍ പഠിച്ചു നീന്തല്‍ പഠിക്കാമെന്നു എനിക്ക്
ഉറപ്പുണ്ടായിരുന്നു. നീര്‍ക്കോലിയുടെ വളഞ്ഞു പുളഞ്ഞ സഞ്ചാരവും, എഴുത്തച്ഛന്റെ
ചിത്രം വരയലും നോക്കി നിന്ന നിമിഷങ്ങള്‍.
മുകളില് നിന്ന് ആരോ വന്നു വെള്ളത്തിലേക്ക് ചാടി.
എനിക്ക് ദേഷ്യമാണ് തോന്നിയത്. തവളയും നീര്‍ക്കോലിയും എവിടെയോ മറഞ്ഞു.
എഴുത്തച്ഛന്റെ കൃതികള്‍ വികൃതമായി. ആരാണെന്നറിയാതെ ഞാന്‍ പരിഭ്രമിച്ചു നില്‍ക്കെ
തവളയുടെതെന്ന പോലെ വെളുത്തു മെലിഞ്ഞ കാലുകള്‍ അടിച്ചു, കൈകളാല്‍ തുഴഞ്ഞു,
ജലോപരിതലത്തില്‍ അവള്‍. ഒരു വലിയ തവള നീന്തുന്നതായെ എനിക്ക് തോന്നിയുള്ളൂ. പരല്‍
മീനിന്‍റെ വയറുപോലെ വെളുത്ത ഉദരം. ഞാന്‍ നോക്കി നിന്നു.
നീന്താനറിയില്ലേ....
എന്തു പറയണമെന്നറിയാതെ ഞാന്‍ ശങ്കിച്ചു നിന്നു.
വെള്ളത്തിനു മേലെ ഒരു മത്സ്യത്തെപോലെ അവള്‍. കുളം കാണാത്ത കൈകളാല്‍ അവളെ താങ്ങുന്നതായി
തോന്നി. കുളത്തിനു നടുവില്‍ ഒരു ജലദേവതയെപോലെ അവള്‍ തുഴയാതെ നില്‍ക്കുന്നു.
വാ...
പിറകില്‍ പരിഹസിക്കാനാരുമില്ലന്നു കണ്ടു ഞാന്‍
തെളിഞ്ഞ തണുപ്പിലേക്കിറങ്ങി. ഇക്കരെ നിന്നു കൈ വിടുമ്പോള്‍ ഒരു ജല ദേവത എന്നെ
താങ്ങുമെന്ന ഉറപ്പിലായിരുന്നു. ഒരു കവിള്‍ വെള്ളം കുടിച്ചു ഞാന്‍ തട്ടിപ്പിടച്ചു.
തുഴയ്...
എവിടെയും പിടിക്കാതെ, വെള്ളത്തിനു നടുവില്‍ അവള്‍.
ഞാന്‍ വലിയ കാലുകളടിച്ചു തുഴഞ്ഞു കയറി. പിന്നെടോരുപാട് പ്രഭാതങ്ങളില്‍
മഴത്തുള്ളികള്‍ വീണു ചിതറുന്ന ജലോപരിതലത്തില്‍ ഞാന്‍ നീന്തിത്തുടിച്ചു. പുഴയുടെ
ഒഴുക്കോ, കടലിന്‍റെ ആഴമോ ഇല്ലാത്ത കുളത്തിന്‍റെ ഇത്തിരി തണുപ്പിനെ ഞാന്‍
ഇഷടപ്പെട്ടു തുടങ്ങിയതു അങ്ങനെയാണ്. അവള്‍ പിന്നെ എവിടെ പോയോ എന്തോ?
എന്താ പണി...?
കുളക്കടവിന്‍റെ ഭാഗത്തിലൂടെ നടന്നുപോകുന്ന ആരോ
ആണ്. ഇടഞ്ഞു തകര്‍ന്ന കുളത്തിലെ കലക്കവെള്ളത്തിലേക്കു നോക്കി നില്‍ക്കുന്നതു
കണ്ടാവണം. ഞാന്‍ എഴുന്നേറ്റു പുല്ലുകയറിയ നാട്ടു വഴിയിലൂടെ വീട്ടിലേക്കു
നടന്നു. അടുത്ത മഴക്കാലത്ത് ഈ കുളവും അപ്രത്യക്ഷമാകുമായിരിക്കും..
Monday, July 8, 2013
ഒരു SSLC ബുക്ക് കിട്ടിയിരുന്നെങ്കിൽ ......
പഠനം പാതി വഴിയിൽ നിർത്തേണ്ടി വന്ന ഒരാളാണോ നിങ്ങൾ? ഒരു പത്താം ക്ലാസ് സർട്ടിഫിക്കറ്റ് കിട്ടണമെന്നു നിങ്ങൾ അതിയായി ആഗ്രഹിക്കുണ്ടോ ? എങ്കിൽ ഇതാണ് അവസരം.
സംസ്ഥാന സാക്ഷരതാ മിഷൻ പത്താം തരം തുല്ല്യതാ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഫോറം ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുക.
പത്താം തരം തുല്യതക്കുള്ള അപേക്ഷാ ഫോറം
സംസ്ഥാന സാക്ഷരതാ മിഷൻ പത്താം തരം തുല്ല്യതാ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഫോറം ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുക.
പത്താം തരം തുല്യതക്കുള്ള അപേക്ഷാ ഫോറം
Tuesday, April 16, 2013
ജാതി പോക്കുന്ന യന്ത്രം.
മുല്‍ക്ക് രാജ് ആനന്ദിന്‍റെ തൊട്ടു കൂടാത്തവര്‍ (Untouchables) എന്ന നോവല്‍ ജാതി എങ്ങനെ ഇല്ലാതാക്കാം എന്നു ചോദിക്കുന്നുണ്ട്. മൂന്നു പരിഹാരമാണ് ബക എന്ന പ്രധാന കഥാപാത്രത്തിനു മുന്നിലുള്ളത്.
ഹീന ജാതിക്കാര്‍ ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ യന്ത്രങ്ങള്‍ തയ്യാറാക്കുക. അപ്പോള്‍ പിന്നെ താഴ്ന്ന ജാതി ഇല്ലല്ലോ...!!- മതം മാറുക.
- ഗാന്ധി മാര്‍ഗം സ്വീകരിച്ചു എല്ലാവരും ജാതിക്കപ്പുറം ഒന്നായി ജീവിക്കുക.
- യന്ത്രങ്ങള്‍ കൊണ്ടു വരിക.
നോവല്‍ വായിക്കുന്ന കാലത്ത് അതൊരു മണ്ടത്തരമായാണ് ഞാന്‍ മനസിലാക്കിയിരുന്നത്. ജാതി അത്ര വേഗം തൂത്തു മാറ്റാനാവുമോ ? യന്ത്രങ്ങള്‍ എങ്ങനെ ജാതി ഇല്ലാതാക്കും? ആനന്ദിന്‍റെ നിരീക്ഷണത്തില്‍ കഴമ്പു ണ്ടെന്നു തന്നെ വേണം മനസ്സിലാക്കാന്‍. കാരണം എന്‍റെ നാട്ടിന്‍ പുറത്തും തേങ്ങയിടുന്ന പണി യന്ത്രങ്ങള്‍ ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസം ഒരു ടൈല്‍സ് പണിക്കാരനാണ് യന്ത്രവുമായി എത്തിയത്. പിറ്റേന്ന് ഒരു കൂലിപ്പണിക്കാരന്‍ മാപ്പിള. കാലങ്ങളോളം തേങ്ങയിട്ടു നടന്ന തിയ്യനെ ആരും തിരയുന്നില്ല.
**** **** **** *** ****
"ആണ്ടിയെവിടെ?"
കുട്ടിക്കാലം തൊട്ടേ ഞങ്ങളുടെ പറമ്പില്‍ തേങ്ങയിട്ടിരുന്നത് ആണ്ടിയായിരുന്നു. ചൂടിയും പാളയും ചേര്‍ത്തുണ്ടാക്കിയ തളപ്പ് തട്ടി തഴമ്പ് വന്ന കാലുകള്‍. ചെരിഞ്ഞു കിടക്കുന്ന തെങ്ങിലൂടെ ആകാശത്തിലേക്ക് കയറിപ്പോകുന്ന ആണ്ടി എന്‍റെ കുട്ടിക്കാല കൌതുകങ്ങളില്‍ ഒന്നാണ്. ഇളനീര്‍ വെട്ടി കയ്യില്‍ തന്നു , സ്നേഹത്തോടെ ചിരിച്ച തിയ്യനു ഞങ്ങള്‍ കുട്ടികളെ ഇഷ്ടമായിരുന്നു--തെങ്ങുകളെയും. പാണന്‍ കുന്നിന്‍റെ ചെരിവിലെവിടെയോ ആണ്ടി കഴിയുന്നുണ്ടാവും.
ഇനി വരുന്ന തലമുറ ആണ്ടിയെ അറിയുമോ?............
Wednesday, April 3, 2013
സിനിമ കാണാന്‍ പോയപ്പോള്‍.............
ഒരു സിനിമക്കു പോയാലോ...?
വൈകുന്നേരം കൊണ്ടോട്ടിയില്‍
സംസാരിച്ചിരിക്കുമ്പോഴോ, ഞായറാഴ്ച ഒരു കല്ല്യാണം കഴിഞ്ഞു തിരിക്കുമ്പോഴോ,
ആരുമില്ലാതെ ഒറ്റക്കിരിക്കുമ്പോഴോ ഒക്കെ ഓടിക്കയറിയാണ് ഞാന്‍ തിയേറ്ററില്‍
എത്തുന്നത്. അപൂര്‍വ്വം ചിലപ്പോള്‍ ഡയറക്ടറെയോ, നടന്മാരെയോ, നടിമാരെയോ
നോക്കിയുമാവാം.
ടിക്കറ്റ് എടുക്കാനായി നൂഴ്ന്നു കയറുന്ന
മാളത്തിനകത്തെത്തിയാല്‍ ചുറ്റു മതിലിന്‍റെ സുരക്ഷിതത്വം. അപ്രതീക്ഷിതമായി
ആരെയെങ്കിലും കണ്ടെത്തുന്നതിന്റെ ചമ്മലും ചിരിയും. സിനിമ തുടങ്ങുന്നതിനു മുമ്പായി
പതിവായി കയറുന്ന നാറ്റം മാറാത്ത മൂത്രപ്പുര. അടിച്ചു കയറുന്ന മൂത്രപ്പുരയിലെ നാറ്റവും,
പേപര്‍ ഗ്ലാസിലെ ചായയും, കൂടെയുള്ള സുഹൃത്തുക്കളുടെ ചിരിയും, ബഹളവും, അകത്തേക്കും
പുറത്തേക്കും കയറി ഇറങ്ങുന്ന സിഗരറ്റ് പുകയും, ഒക്കെ ചേര്‍ന്ന വൈകുന്നേരം.
തിയേറ്റര്‍ അങ്ങനെഎനിക്ക് രണ്ടാം വീട് പോലെ
പരിചിതമാണ്. പകലിന്‍റെ ശൂന്യത കുമിളകള്‍ പോലെ പൊട്ടിച്ചു കളയുന്ന ബിഗ് സ്ക്രീനിലെ
മായാ കാഴ്ചകള്‍. അത് കൊണ്ടൊക്കെ ആകണം പേടിച്ചു, പേടിച്ചു ഓടിക്കയറി ആദ്യ സിനിമ
കണ്ട കോഴിക്കോട് ക്രൌണ്‍ എനിക്ക് ആദ്യ കാമുകിയെപോലെ പ്രിയപ്പെട്ടതാകുന്നത്.
കഴിഞ്ഞ മാസമാണ് ലൈഫ് ഓഫ്
പൈ കാണാന്‍ ഞങ്ങള്‍ ക്രൌണില്‍ എത്തിയത്. തിയേറ്റര്‍ ആകെ മാറിയിട്ടുണ്ടെന്നു
ആരോ പറഞ്ഞിരുന്നു. അതൊന്നും കാര്യമാക്കിയില്ല. ആറു മണിക്ക് തിയേറ്ററില്‍
എത്തുമ്പോള്‍ അതികം ആരെയും കണ്ടില്ല.
അത്ഭുതം!
ക്രൌണിലെ നീണ്ട ക്യൂവില്‍ നില്‍കുന്നതും, ക്യൂ
തെറ്റിക്കുന്നതും, ഇടിച്ചു കയറി സിനിമ കാണുന്നതും ഒക്കെയായിരുന്നു മനസ്സില്‍.
ചെന്നു നോക്കുമ്പോള്‍ ടിക്കെറ്റെടുക്കുന്ന
മാളമില്ല, ബഹളമില്ല, ക്യൂ ഇല്ല. മുറ്റം നിറയെ ആഡംബര കാറുകള്‍. ബില്‍ഡിംഗ് നന്നായി
മോഡി പിടിപ്പിച്ചിരുന്നു. കറുത്ത ചുമരുകളുമായി തല ഉയര്‍ത്തി നിന്നിരുന്ന ക്രൌണിനു
പകരം അണിഞ്ഞൊരുങ്ങിയ നഗര അഭിസാരിക.
ഒഴിഞ്ഞു കിടക്കുന്ന ടിക്കറ്റ് കൌണ്ടറിലേക്ക്
നടക്കുമ്പോള്‍ എന്തോ പന്തികേടു തോന്നിയിരുന്നു. എന്നാലും 200 രൂപയെടുത്തു മൂന്ന്
ടിക്കറ്റ് ചോദിച്ചു. നോട്ടിലെക്കും ഞങ്ങളെയും മാറി മാറി നോക്കി ഒരു ചിരിയോടെ
കൌണ്ടറിലെയാള്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി.
സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക്
ചെയ്യുക.
കംഫര്‍ട്ട് സ്റ്റേഷനിലേക്ക് കടക്കുന്നതിനു മുമ്പേ
ചില്ലറ തിരയുന്നവന്റെ വ്യഗ്രതയോടെ ഞാന്‍ ചോദിച്ചു.
അതെങ്ങനെ?
ക്രെഡിറ്റ് കാര്‍ഡോ, ഇന്റര്‍നെറ്റ്
ബാങ്കിംഗ് വഴിയോ ചെയ്താല്‍ മതി.
ഞങ്ങള്‍ തിരിച്ചു പോന്നു. ക്രൌണിനോടുള്ള ആദ്യ
പിണക്കം. നാട്ടിലെ തിയേറ്ററുകളില്‍ കയറാന്‍ പേടിച്ചു സിറ്റിയിലേക്ക് വണ്ടി കയറിയതോര്‍ത്തു.
എങ്ങനെയോ ക്രൌണിലാണെത്തിയത്. മിടിക്കുന്ന ഹൃദയത്തോടെ മാനാഞ്ചിറയില്‍ നിന്ന്
ക്രൌണിലേക്ക് ഓടിയത് മനസ്സില്‍ തികട്ടി വന്നു.
ക്രൌണിന്‍റെ അര മതിലില്‍ ചേര്‍ന്ന് നിന്ന്
കിതച്ചത് ഉമ്മയുടെ അരഞ്ഞാണത്തിന്‍റെ തണുപ്പായി തോന്നിച്ചു. അവിടന്നങ്ങോട്ട് ബിഗ്
സ്ക്രീനിലെ പൊയ് കാഴ്ചകള്‍ക്കായി സായാഹ്നങ്ങള്‍ തോറും തിയേറ്ററുകളെ തേടിച്ചെന്നു.
ഈ വൈകുന്നേരം മോഹഭംഗത്തിന്‍റെതാണ്. സിനിമ കാണാനാവാത്തതല്ല.
ക്രൌണ്‍ അണിഞ്ഞൊരുങ്ങിയപ്പോള്‍ പ്രവേശനം നഷ്ടമായ ആദ്യ കാമുകന്‍റെ വിലാപമയിരുന്നു
എന്നില്‍ നിറഞ്ഞു നിന്നത്. ഞങ്ങള്‍ മാനാഞ്ചിറയില്‍ നക്ഷത്രങ്ങളെണ്ണി പോയ കാലത്തിന്‍റെ
നിറവും, പുതു കാലത്തിന്‍റെ നനവില്ലാ യ്മയും പറഞ്ഞു കിടന്നു. തിയേറ്റരിന്റെ
ഇരുട്ടും, മൂത്രത്തിന്‍റെ മണവും, സ്ക്രീനിലെ മായാ രൂപങ്ങളും, കണ്ടു
മുട്ടിയേക്കാവുന്ന സുഹൃത്തുക്കളുടെ സാനിധ്യവും നഷ്ടമായതില്‍ പിന്നെ അതികം ഒന്നും
സംസാരിച്ചില്ല. നഗര വെളിച്ചവും,നിലാവും ഇഴ ചേര്‍ന്ന രാത്രി.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
രണ്ടാമതൊരിക്കല്‍ കൂടി ക്രൌണിലെത്തുമ്പോള്‍ അവളെ
അമ്പരപ്പിക്കണമെന്നു ഞങ്ങള്‍ തീര്‍ച്ചയാക്കിയിരുന്നു. അതിനു ജമാലിനെ
ചുമതലപ്പെടുത്തി. അവന്‍ ഗള്‍ഫില്‍ നിന്നെത്തിയത്തില്‍ പിന്നെ അറേബ്യയുടെ
മോടിയായിരുനു പ്രധാന ചര്‍ച്ചാ വിഷയം. സുഹൃത്തില്‍ നിന്നും കടം വാങ്ങിയ കാറില്‍,
മുന്നേ ബുക്ക് ചെയ്തുറപ്പിച്ച സീറ്റുകളുടെ ബലത്തില്‍ 6:25 ന് സര്‍വ്വായുധ
വിഭൂഷിതരായി, ഞങ്ങളെത്തി. ടിക്കറ്റ് ഒന്ന് കാണിച്ചു, ഇന്‍സൈഡ് ഒന്ന് കൂടി
നേരാക്കി, താനേ തുറക്കുന്ന വാതിലിനു മുന്നില്‍ നിന്നു. അവള്‍ കനിവോടെ വാതില്‍
തുറന്നു. ലിപ്സ്റ്റിക്കിട്ട ചിരി പോലെ വശ്യമായിരുന്നു അത്.
ഇരു വശത്തെ ചുമരുകളിലും ആഡംബരത്തിന്റെ നിറവ്.
തുടച്ചു, തുടച്ചു, തിളങ്ങുന്ന നിലം. സൈഡില്‍ പരസ്യ ബോര്‍ഡ്. മറ്റൊരു
ഗ്രഹത്തിലെത്തിയ പോലെ അസ്വസ്ഥനായിരുന്നു ഞാന്‍. ശീതീകരിച്ച റൂമിലും അകത്ത് ഞാന്‍
ഉഷ്ണിച്ചു.
ഇരുട്ടു മുറിയില്‍ ചെറിയ ലാoബുകള് വഴികാട്ടി.
അകത്തെ ജീവനക്കാരന്‍ ഇരിക്കേണ്ട സീറ്റ് ചൂണ്ടിക്കാട്ടി. ബുക്ക് ചെയ്യുന്ന സമയത്ത്
കിട്ടുന്ന സ്ഥലത്തേ ഇരിക്കാവൂ.
ഇരുന്നു.
കാലു പൊക്കി അടുത്ത സീറ്റിന്‍റെ പിറകില്‍
വെക്കാനുള്ള ആഗ്രഹം ഞാന്‍ അടക്കി. മംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്ന സുന്ദരിയാണ്
മുന്നില്‍. ഒന്ന് പുകക്കാനോ, ഉറക്കെ കമന്റടിക്കാനോ, കഴിയാതെ ഞങ്ങള്‍ വിങ്ങിപ്പൊട്ടിയിരുന്നു.
നല്ല നടപ്പിനു ശിക്ഷിച്ച പോലെ.
30 രൂപയുടെ ചായയും 40 രൂപയുടെ കേക്കും കഴിച്ച്
ഇന്റര്‍വെല്‍.
സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു ആധുനിക
ലബോറട്ടറിയില്‍ നിന്ന് രക്ഷപ്പെട്ട പോലെ സ്വസ്ഥരായിരുന്നു ഞങ്ങള്‍. മാനാഞ്ചിറയിലിരുന്നു
ജീവിത മഹാ നാടകം അരങ്ങൊഴിയുന്നതു കണ്ടു നിന്നു.
Thursday, August 9, 2012
ഒരു യുഗത്തിന്‍റെ അന്ത്യം
യത്തീംഖാനയുടെ അകത്തെ വിശാലമായ മുറിയില്‍, പരുക്കന്‍ നിലത്തിട്ട കട്ടിലില്‍
കുഞ്ഞാതു ഹാജി നിശ്ചലനായി കിടന്നു. മൗനം ഉറഞ്ഞു കൂടി നിന്ന നിമിഷം. ഒരു വശത്തേക്ക്
ചെരിഞ്ഞു കിടന്ന മുഖത്തിനു ഒരു യാത്രാ മൊഴിയുടെ സന്ദേഹം മാത്രം. ശാന്തം...സ്വസ്ഥം.
തലേന്ന് രാത്രി മുഴുവന്‍ പെയ്ത മഴ കണ്ണീരായിരിക്കണം. ഇപ്പോള്‍ പ്രഭാതത്തിനു ഒരു
നഷ്ടപ്പെടലിന്റെ ഏകാന്തതയുണ്ട്, നനവുണ്ട്, ഒരു യാത്രാ മൊഴിയുടെ പതര്‍ച്ചയുണ്ട്.
പുതുതായി ജോലി കിട്ടിയവരെയെല്ലാം യത്തീംഖാന ഹാളിലേക്ക് വിളിച്ച ദിവസം. പരിഭ്രമമായിരുന്നു
എല്ലാവര്‍ക്കും. കുഞ്ഞാതു ഹാജി ഇപ്പോള്‍ കിടക്കുന്ന അതേ മുറി. ഞങ്ങള്‍ക്ക്
മുന്നില്‍ കാലത്തിനു കെടുത്താനാവാത്ത ഒരു വിളിക്കു മരം പോലെ കുഞ്ഞാതു ഹാജി ഇരുന്നു. പിന്നെ സൗമ്യമായി,
വേദനയോടെ യത്തീംഖാനയെ കുറിച്ച് പറഞ്ഞു, കോളേജ് സ്ഥാപിതമായതിനെ കുറിച്ച്...
കേട്ടിരിക്കുംതോറും ആ ശബ്ദം അകന്നകന്നു പോകുന്ന പോലെ അനുഭവപ്പെട്ടിരുന്നു.
നിറയെ സ്നേഹം പകര്‍ന്ന മനസ്സില്‍ നിന്നും വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു.
ഒടുവില്‍ ഒരു കരച്ചില്‍ പോയ കാലത്തിന്റെ വേദനയത്രയും കുഞ്ഞാതു ഹാജി പറയാതെ പറഞ്ഞു.
ബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും ഒരു അപ്പൂപ്പന്‍ താടി കണക്കെ വേര്‍പെടാന്‍
കൊതിച്ച ഞാനും അപ്പോള്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചു.
പറയുമ്പോഴോക്കയും കോളേജും, യത്തീംഖാനയും ആയിരുന്നു ആ വാക്കുകളില്‍ ഉണ്ടായിരുന്നത്.
ഏറ്റവും അവസാനം എഷ്യാനെറ്റ് ചാനലിന്‍റെ ‘കണ്ടതും കേട്ടതും’ ആ ഒരു പ്രാര്‍ത്ഥനയാണ്
നിറഞ്ഞു നിന്നത്.
അല്‍പാല്‍പമായി പെയ്യുന്ന ഏ മഴയിലൂടെ തിരിച്ചു നടക്കുമ്പോള്‍ വഴിവക്കിലെ ഒരു
തണല്‍ മരം കൂടി നഷ്ടമായതിന്റെ ചൂട് എന്‍റെ ഹൃദയം അനുഭവിക്കുന്നുണ്ടായിരുന്നു.
Friday, December 16, 2011
നബീസുവിന്‍റെ പ്രസക്തി.
കുഞ്ഞി മൊയ്തീന്‍റെ പെണ്ണു കാണലിന്‍റെ കാര്യം മ്മളെ നാട്ടിലെ എല്ലാര്‍ക്കും അറിയാം. ഇനി ബൂലോകത്ത് റിവ്യൂം എഴുതി നടക്കുന്ന വല്ലോര്‍ക്കും അതറിയില്ലാന്നാന്നുണ്ടെങ്കില്‍ മ്മള് ഒരട്ടം കൂടി പറയാം. കേട്ടോല് അങ്ങട്ടു ക്ഷമിച്ചു
ഗള്‍ഫീന്നു പത്രാസോടെയാണ് മൊയ്തീന്‍ തിരിച്ചു വന്നത്. അത്തറു പൂശി, ഇന്‍സൈഡ് ചെയ്തു, നല്ല ഗമേല്‍ തന്നെ. ഗള്‍ഫീന്നു വന്നാ പിന്നെ ആദ്യ കര്‍മ്മം കല്യാണം. പെണ്ണു കാണല്‍ വന്ന ദിവസം തന്നെ തുടങ്ങി. നാടായ നാടൊക്കെ,വീടായ വീടൊക്കെ, തെരഞ്ഞു നടന്നു. കുഞ്ഞു മൊയ്തീനുണ്ടോ പറ്റുന്നു ഈ സാധാ പെണ്ണുങ്ങളെ...? കണ്മഷി തേച്ചും, പൗഡറിട്ടും, ചുരിദാറു മാറ്റിയും, പെണ്ണുങ്ങള്‍ ഒരുങ്ങി നിന്നു. ഗള്‍ഫീന്ന് കണ്ട മിസ്‌രി പെണ്ണിന്‍റെ മൊഞ്ച് മാത്രം മൊയ്തീന്‍റെ മനസ്സില്‍ നിന്നു. അവിടന്ന് ഒന്നും മിണ്ടാന്‍ പറ്റിയില്ലേലും അവന്‍ ഓരോ പെണ്ണിലും അത് തന്നെ തിരഞ്ഞു. കമ്മീഷന്‍ കണക്കാക്കി നിന്ന ബ്രോക്കര്‍ ഓരോ വട്ടം കഴിയുമ്പളും ചോദിച്ചു. "ഇതെങ്ങനെ?" അവന്‍ നിഷേധാര്‍ഥത്തില്‍ തല കുലുക്കി. "മൊഞ്ച് പോരാ..." "പെണ്ണിന്‍റെ ബാപ്പക്ക് മീശ പോരാ..." "വീട് കിടക്കുന്ന കിടപ്പു കണ്ടില്ലേ...?""എന്താ അദ്രു അതിന്‍റെ കോലം" "ഒരു സൗന്ദര്യ ബോധണ്ടോ?" "ദരിദ്ര വാസികള്‍"
ബ്രോക്കര്‍ അദ്രു കഴിയുമ്പോലെ നാവിട്ടടിച്ചു. ഒന്നും നടന്നില്ല. നൂറാമത്തെ വീടും കയറി ഇറങ്ങിയപ്പോ അദ്രു തോല്‍വി സമ്മതിച്ചു. അയലത്തെ നബീസുവും സംഗതി ഒക്കെ അറിഞ്ഞു. കുഞ്ഞി മൊയ്തീന്‍റെ അത്തറു മണത്തില്‍ അവള്‍ക്കും ഒരു കണ്ണുണ്ട്. മിസ്‌രി പെണ്ണിന്‍റെ മൊഞ്ചും ഓര്‍ത്ത് ദിവാ സ്വപ്നം കാണുന്ന കുഞ്ഞി മോയ്തീനോട് അവള്‍ തിരക്കി.
"എന്താപ്പത്, ആരേം പറ്റീലേ?..."
കുഞ്ഞി മൊയ്തീന്‍ ഒന്ന്‍ തണുത്തിരുന്ന കാലമാണ്.
"ഹെന്ത് പറയാനാ..,നബീസൂ....ഒക്കെ ഒരു വകേണ്."
നബീസു വിട്ടില്ല.
"അതിനിപ്പോ ഇങ്ങളെ കാണാന്‍ എന്തു മൊഞ്ചാന്നല്ലേ"
മുറിക്കകത്തു പോയി കണ്ണാടിയുമായി അവള്‍ തിരിച്ചു വന്നു. അത് കുഞ്ഞി മോയ്തീനു നേരെ പിടിച്ചു. കരുവാളിച്ച തന്‍റെ മുഖവും, പൂര്‍ത്തിയാവാത്ത മീശയും, എഴുന്നു നില്‍കുന്ന എല്ലുകളും കുഞ്ഞി മോയ്തീന്‍ കാണുന്നതപ്പോഴാണ്. അതിന്‍റെ പിറ്റേ മാസം കുഞ്ഞി മോയ്തീന്‍ നബീസൂനെ കെട്ടി, പൊറുത്തു തുടങ്ങി.
=====================================
മൊയ്തീന്‍റെ പെണ്ണു കാണല്‍ പോലെയാണു മലയാളത്തിലെ വിമര്‍ശകരുടെ കാര്യം.തിയേറ്ററില്‍ പോയി സിനിമ കാണുന്ന സാധാരണ പ്രേക്ഷകന്‍റെ കാഴ്ച്ചയൊന്നും അവള്‍ക്കു പറ്റില്ല. പ്രാദേശികമായ എല്ലാ സിനിമകളിലും കുറവുകളെയുള്ളൂ. "തീം നന്നായില്ല" "അഭിനയം കലക്കി, പക്ഷേ ഫോട്ടോഗ്രഫിയുടെ കാര്യം കഷ്ടം.""ഇവനോടൊക്കെ ആരാ സിനിമയുണ്ടാക്കാന്‍ പറഞ്ഞത്?." "പ്ഫൂ..അതാണോ സിനിമ?, സിനിമയാണങ്കില്‍ ഫ്രഞ്ചുകാരെ കണ്ടു പഠിക്കണം." "ഇവനൊക്കെ സിനിമയെക്കുറിച്ച് എന്തറിയാം?" "രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ ഈ സിനിമ ഒരു പിന്നോട്ടു പോക്കാണ്." "ആ സിനിമയുടെ ആ ഭാഗം ഈ സിനിമയുടെ ഈ ഭാഗത്തുണ്ട്...".അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങളാണ്. തിയേറ്ററില്‍ വരുന്ന സാധാരണ സിനിമയെ വിമര്‍ശിച്ചു പരിപ്പെടുക്കാന്‍ മാത്രം കോളം ചെയ്യുന്ന വിമര്‍ശന ശിങ്കിടികളുണ്ട്. വിവാദ വ്യവസായത്തില്‍ ഒരു ശ്രമം. ഒത്താല്‍ ഒത്തു, പോയാ പോയി. സിനിമയുണ്ടാക്കുന്നതവന്മാര്, കാണുന്നതു വൈകുന്നേരം പണിയും കഴിഞ്ഞു വരുന്നോര്‍, ആര്‍ക്കെന്തു ചേതം?
'ആദാമിന്‍റെ മകന്‍ അഫൂന്' അവാര്‍ഡ് കിട്ടിയത് ചിലര്‍ക്കങ്ങു സഹിച്ചില്ല. സിനിമാ അവാര്‍ഡോ? അതിനോ? അതിനൊരു പ്രമേയം ഉണ്ടോ? രാഷ്ട്രീയം ഉണ്ടോ? അതു മനുഷ്യന്‍റെ പ്രശ്നമാണോ? മ്മള് അതിലാകെ കണ്ടത് 'ഹജ്ജ് ചെയ്യാന്‍ നല്ലത് അക്ബര്‍ ട്രാവല്‍സാണ് ന്നാട്ടോ...കാട്ടു വാസികളെ പോലെ അതും ഇതും പറഞ്ഞു നടക്കുന്ന കൂട്ടര്‍ക്കു അവാര്‍ഡോ?..അത്ഭുതം തന്നെ. അതു തമാശിക്കാന്‍ കോളക്കാരന്‍ ഒരു മൗലവിയുടെ പ്രസംഗം ആണു കേട്ടെഴുതിയത്. വിവരം ഇല്ലാത്ത കൂട്ടരല്ലേ? അവറ്റ അങ്ങനെയേ പറയൂ... സിനിമ ആരുണ്ടാക്കിയാലും മ്മക്ക് ഇഷ്ടായാ നന്നായി. അല്ലങ്കില്‍ വിമര്‍ശിച്ചു അതിന്‍റെ നട്ടൂരും, അത്രന്നെ. മ്മക്ക് തിരിയാത്ത രാഷ്ട്രീയോ? നോ..നോ...നോ... മ്മള് മുമ്പ് കാലത്ത് കണ്ട നാടകണ്ടല്ലോ..നടാഹം....അതിലൊക്കെ രാഷ്ട്രീയണ്ടല്ലോ, അതേ സിനിമയിലും പറ്റൂ..അല്ലാതെ കണ കുണ ഫോട്ടോ വെച്ച് ആദാമിന്‍റെ മകന്‍ അഫൂ എന്നൊന്നും പറഞ്ഞാ മ്മള് വെറുതെ വിടൂല. ശിങ്കിടികള്‍ അങ്ങനെ വിമര്‍ശിച്ചു പോന്നു. സിനിമ കാണുന്നോരു കണ്ടു...അല്ലാതോല് കണ്ടതൂല്ല.
അപ്പോളതാ വിമര്‍സനം തന്നെ വിമര്‍സനം. എന്താ കാര്യം? സില്മ കണ്ടോല്‍ക്ക് പറ്റിയിക്ക്ന്നു. അവരോരോന്നു എഴുതുന്നു. അതു വേണ്ട. മ്മള് വിമര്‍ശക കടുവകള്... മ്മളെ വിമര്‍സിക്കുന്ന കിടുവകളോ?. ഉടനെ വന്നൂ നമ്പര്‍. "മ്മളെ എരയാക്കുന്നൂ...""മ്മളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ വിമര്‍ശിക്കുന്നേ...""മ്മള് ഇപ്പോ എഴുത്തു നിര്‍ത്തും"."മ്മളെ ജാതി ചോദിക്കുന്നേ...", "മതം നോക്കുന്നേ.."" മ്മളെ മുണ്ട് പൊക്കി നോക്കുന്നേ.." (മ്മള് ഷാതി, മതം,മാര്‍ക്കറ്റ്, എന്നിവ നോക്കിയേ എഴുതൂന്നു വെച്ച് മ്മളെ ശോദ്യം ചെയ്യാന്നു ആര് പറഞ്ഞു?). മ്മള്‍ക്ക് ശാതിയില്ല,മതമില്ല, ലിംഗമില്ല..സര്‍വ്വ സ്വതന്ത്രന്‍.അപ്പോളതാ വരുന്നു സഹായം. വിമര്‍ശന ലോകത്തെ പുലികളാണ്, അല്ല.. പുപ്പിലികളാണ്. പെരുത്ത സഹായം തന്നെ. അങ്ങനെ രക്ഷപ്പെട്ടു നില്‍ക്കയാണ്. അടുത്ത സിനിമ വന്നാല്‍ എന്തൊക്കെ കുറവുണ്ടെന്നറിയാന്‍ ബൂലോക വാസികള്‍ അങ്ങോട്ട് വിട്ടോളൂ...
========================================
അപ്പോപ്പിന്നെ വിമര്‍ശനം വേണ്ട എന്നാണോ?. അല്ല. ബാര്‍ത്തിനെപ്പോലെ ഒട്ടനവധി വിമര്‍ശകര്‍ വിമര്‍ശനതിലൂടെ തനിമയാര്‍ന്ന മറ്റൊരു സൗന്ദര്യബോധം ഉയര്‍ത്തിപ്പിടിച്ചിരുന്നു. അതു പക്ഷേ വിദേശ സിനിമകളുടെ ആല്‍ക്കഹോള്‍ മൂഡിലാവരുതെന്നു മാത്രം. സ്വന്തം ജനതയുടെ സംസ്കാരത്തിലൂന്നി ഒരു ബദല്‍ സൗന്ദര്യ ശാസ്ത്രം കൊണ്ടു വരാന്‍ വിമര്‍ശന ശിങ്കിടികള്‍ ഒരിക്കലെങ്കിലും അവരെത്തന്നെ കാണണം. അവരുടെ മദ്ധ്യ വര്‍ഗ താല്‍പര്യവും, വിദ്യാഭ്യാസവും കാഴ്ച്ചയുടെ തിമിരമാണെന്നറിയണം. അവരുടെ കെട്ടിക്കിടക്കുന്ന രാഷ്ട്രീയമാണ് സിനിമയുടെ രാഷ്ട്രീയത്തെ തടയുന്നതെന്നു കാണണം. അതിനിപ്പോള്‍ മദ്ധ്യ വര്‍ഗ പടിഞ്ഞാറന്‍ വിദ്യാഭ്യാസത്തില്‍ കുളിച്ചു നില്‍കുന്ന ഇവരുടെ സ്വരൂപത്തിനു നേരെ കണ്ണാടി പിടിക്കാന്‍ കഴിയുന്ന ഒരു നബീസുവിനെ വേണം. അതിനീ ബൂലോകത്തു ആരെങ്കിലുമുണ്ടോ എന്നറിയാനാണീ കുറിപ്പ്.
ശുഭം………..ശുംഭം
Subscribe to:
Posts (Atom)